ബ്ലാങ്ങാട് ബീച്ചിൽ ഏഴ് വള്ളങ്ങൾ പിടിച്ചെടുത്തു
ബ്ലാങ്ങാട് : കടലിൽ കണവ പിടിക്കുന്നതിനായി കൃത്രിമ പാരുകൾ സൃഷ്ടിച്ച് അനധികൃത മത്സ്യബന്ധനം നടത്തുന്ന ഏഴ് ഫൈബർ വള്ളങ്ങളും അനുബന്ധ സാധന സാമഗ്രികളും അഴീക്കോട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റും മുനക്കകടവ് കോസ്റ്റൽ പോലീസും ചേർന്ന് പിടിച്ചെടുത്തു. തമിഴ്നാട് കുളച്ചൽ സ്വദേശികളുടെ വള്ളങ്ങളാണ് അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ കെ.പി ഗ്രേസ്സിയുടെയും കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടർ ജോബി വർഗ്ഗീസിൻ്റെയും നേതൃത്വത്തിൽ പിടിച്ചെടുത്തത്. വള്ളങ്ങൾക്ക് 3.10 ലക്ഷം രൂപ പിഴ ചുമത്തി.

കടലിൻ്റെ അടിത്തട്ടിലെ ആവാസയിടങ്ങളിൽ കൃത്രിമ പാരുകളാൽ നശിപ്പിക്കപ്പെടുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പരാതിപ്പെട്ടിരുന്നു. ഉപയോഗശൂന്യമായ വലകളും പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കന്നാസുകളും, തെങ്ങിൻ കുരഞ്ഞിലും മറ്റും കൂട്ടിക്കെട്ടി പ്ലാസ്റ്റിക് ചാക്കുകളിൽ മണൽ നിറച്ച് 25 നോട്ടിക്കൽ മൈൽ ദൂരെ ആഴക്കടലിൽ നിക്ഷേപിച്ചാണ് കണവ പിടിക്കുന്നത്. ഇവ നിക്ഷേപിച്ച സ്ഥലത്തിൻ്റെ ജി.പി.എസ് പൊസിഷൻ രേഖപ്പെടുത്തി രണ്ടാഴ്ചക്ക് ശേഷം ചൂണ്ടയിട്ട് കണവ പിടിക്കുന്നതാണ് ഇവരുടെ രീതി. രണ്ടോ മൂന്നോ തവണത്തെ ഉപയോഗശേഷം ഇവ ഉപേക്ഷിച്ച് കടലിൽ മറ്റൊരിടത്ത് മറ്റൊരു പാര് സൃഷ്ടിക്കും. ഇത്തരത്തിൽ ആഴക്കടലിൽ നിരവധിയിടങ്ങളിൽ അനധികൃത കൃത്രിമ പാര് നിർമിച്ചിരിക്കുന്നതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ സുഗമമായി മത്സ്യബന്ധനം നടത്താൻ കഴിയാതെ വരികയും പലപ്പോഴും വലകൾ കൃത്രിമ പാരുകളിൽ കുടുങ്ങി വൻ നഷ്ടം ഉണ്ടാകുകയും ചെയ്യുന്നു.
നാട്ടിക ഫിഷറീസ് എക്സ്റൻ്റഷൻ ഓഫീസർ അശ്വിൻ രാജിൻ്റെ നേതൃത്വത്തിൽ, മറൈൻ എൻഫോഴ്സ്മെൻ്റ് ആൻഡ് വിജിലൻസ് വിഭാഗം ഓഫീസർമാരായ ഇ.ആർ ഷിനിൽകുമാർ, വി.എം. ഷൈബു, വി.എൻ. പ്രശാന്ത് കുമാർ, മുനക്കകടവ് കോസ്റ്റൽ പോലീസ് എസ്.ഐ ജലീൽ, എ.എസ്.ഐ ഉദയകുമാർ, സി.പി.ഒ സുധിലാൽ, റെസ്ക്യൂ ഗാർഡുമാരായ ഷിഹാബ്, വിബിൻ, സിജീഷ്, ഡ്രൈവർ അഷറഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിൽ രാത്രികാല പരിശോധന ഉണ്ടാകുമെന്നും പ്ലാസ്റ്റിക്കും കുരഞ്ഞിലുകളും കയറ്റിവരുന്ന വാഹനങ്ങൾക്കെതിരേ നടപടി ഉണ്ടാകുമെന്നും ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി. സീമ പറഞ്ഞു.


