സി.എം മെഗാ ക്വിസ് ജില്ലാതല മത്സരം
തൃശ്ശൂര്‍: കേരളത്തിൻ്റെ സാമൂഹ്യചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തിൻ്റെ ജില്ലാതല മത്സരത്തില്‍ പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയര്‍സെക്കൻ്ററി സ്‌കൂളും തൃശ്ശൂര്‍ സെൻ്റ് തോമസ് കോളേജും ഒന്നാം സ്ഥാനം കരസ്ഥമാക്കി. തൃശ്ശൂര്‍ സെൻ്റ് മേരീസ് കോളേജില്‍ നടന്ന മത്സരത്തില്‍ സ്‌കൂള്‍തലത്തില്‍ 29 ടീമുകളും കോളേജ്തലത്തില്‍ 124 ടീമുകളും പങ്കെടുത്തു. രാവിലെ പത്തിന് ആരംഭിച്ച മത്സരത്തില്‍ ആദ്യഘട്ടത്തില്‍ 20 ചോദ്യങ്ങളടങ്ങിയ പ്രാഥമിക റൗണ്ടില്‍ നിന്നും തെരഞ്ഞെടുത്ത ആറ് ടീമുകള്‍ വീതമാണ് ഫൈനലില്‍ മത്സരിച്ചത്.

സ്‌കൂള്‍ തലത്തില്‍ പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയര്‍ സെക്കൻ്ററി സ്‌കൂളിലെ പി.ആര്‍ അമന്‍ ശങ്കര്‍, പി.എല്‍ ജോസ്‌വിന്‍ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. ജി.എച്ച്.എസ്.എസ് കരൂപ്പടന്നയിലെ എം.എം മുഹമ്മദ് നിഹാല്‍, എം.എസ് മുഹമ്മദ് സാലിഹ് എന്നിവരടങ്ങിയ ടീമിന് രണ്ടാം സ്ഥാനവും തൃശ്ശൂര്‍ എസ്.എച്ച്.സി.ജി.എച്ച്.എസ്.എസിലെ കെ. ലക്ഷ്മിരാജ്, പല്ലവി ബാബു എന്നിവരടങ്ങിയ ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു. കോളേജ് തലത്തില്‍ തൃശ്ശൂര്‍ സെൻ്റ് തോമസ് കോളേജിലെ ജോസഫ് തോമസ്, പത്മപ്രിയ നായര്‍ എന്നിവരടങ്ങിയ ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു. തൃശ്ശൂര്‍ സെൻ്റ് മേരീസ് കോളേജിലെ മഞ്ജിമ എം. മേനോന്‍, ഇ.എസ് ശ്രീഷ എന്നിവരടങ്ങിയ ടീമിന് രണ്ടാം സ്ഥാനവും മണ്ണുത്തി കോളേജ് ഓഫ് വെറ്ററിനറി ആൻ്റ് അനിമല്‍ സയന്‍സിലെ എസ്.ആര്‍ കാര്‍ത്തിക്, എസ്.എല്‍ ഷംജ എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സ്‌കൂള്‍തലത്തിലെ വിജയികള്‍ക്ക് സബ് കളക്ടര്‍ അഖില്‍ വി. മേനോനും കോളേജ് തലത്തിലെ വിജയികള്‍ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ പി.എസ് മനോജ്കുമാറും മൊമന്റോ നല്‍കി. തിരുവല്ല മാര്‍ത്തോമ കോളേജ് ചരിത്ര വിഭാഗം അസി. പ്രൊഫസര്‍ ഡോ. കെ.എം വിഷ്ണു നമ്പൂതിരി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ അസിസ്റ്റൻ്റ് എഡിറ്റര്‍ എം.എസ് അമിത് എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി. പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം ബാലകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.കെ വേലായുധന്‍, അസിസ്റ്റൻ്റ് എഡിറ്റര്‍ കെ.സി ഹരിദാസ്, സെൻ്റ് മേരീസ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡാലി ഡൊമിനിക് എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനതലത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലയില്‍ അന്തിമ വിജയികളെ കണ്ടെത്തും. സംസ്ഥാനതലത്തിലെ സ്‌കൂള്‍തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മെമന്റോയും പ്രശസ്തി പത്രവും ലഭിക്കും. കോളേജ്തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും, മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും മെമന്റോ, പ്രശസ്തിപത്രം എന്നിവയും നല്‍കും.



