കങ്കാരുക്കളെ മുട്ടുകുത്തിച്ച് സിംബാബ്‌വെ
ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത ഒരു പോരാട്ടത്തിനാണ്. കരുത്തരായ ഓസ്‌ട്രേലിയയെ 23 റൺസിന് തകർത്തെറിഞ്ഞ് സിംബാബ്‌വെ വീണ്ടും ‘ജയിന്റ് കില്ലേഴ്സ്’ എന്ന പേര് അന്വർത്ഥമാക്കിയിരിക്കുന്നു. 2007-ലെ ലോകകപ്പിൽ കേപ്‌ടൗണിൽ വെച്ച് ഓസീസിനെ വീഴ്ത്തിയ ആ പഴയ സിംബാബ്‌വെ വീര്യം കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലും ആവർത്തിക്കപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ ഒട്ടും ഭയമില്ലാതെയാണ് കങ്കാരുപ്പടയെ നേരിട്ടത്. തുടക്കത്തിൽ തന്നെ മരുമാനിയും (35) ബ്രയൻ ബെന്നറ്റും ചേർന്ന് മികച്ച അടിത്തറയിട്ടു. ഓസീസ് പേസ് ആക്രമണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ട ബെന്നറ്റ് 56 പന്തിൽ പുറത്താകാതെ 64 റൺസ് നേടി. മധ്യനിരയിൽ റിയാൻ ബർളിന്റെ (35) കരുത്തുറ്റ ബാറ്റിംഗും, അവസാന ഓവറുകളിൽ ക്യാപ്റ്റൻ സിക്കന്ദർ റാസ (13 പന്തിൽ 25*) നടത്തിയ വെടിക്കെട്ടും സിംബാബ്‌വെയെ 169/2 എന്ന മാന്യമായ സ്കോറിലെത്തിച്ചു. താരതമ്യേന കങ്കാരുക്കൾ ലക്ഷ്യം മറികടക്കുമെന്ന് കരുതിയവർക്ക് തെറ്റി. ഓസീസിനെ വരിഞ്ഞു മുറുക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.
170 റൺസ് ലക്ഷ്യമിട്ട് മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കം മുതൽ പിഴച്ചു.
ഫോമിലുള്ള ട്രാവിസ് ഹെഡിനെ (17) തുടക്കത്തിൽ തന്നെ പുറത്താക്കി ബ്ലെസിംഗ് മുസറബാനി തന്റെ വിളയാട്ടം തുടങ്ങി. ടീം ഡേവിഡും കാമറൂൺ ഗ്രീനും പൂജ്യത്തിന് പുറത്തായപ്പോൾ ഓസീസ് ശരിക്കും സമ്മർദ്ദത്തിലായി.
മാറ്റ് റെൻഷോ (44 പന്തിൽ 65) ഒരറ്റത്ത് പൊരുതി നോക്കിയെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണു. ഗ്ലെൻ മാക്‌സ്‌വെൽ (31) കുറച്ചുനേരം പിടിച്ചുനിന്നെങ്കിലും റാസയുടെ ബൗളിംഗിൽ മാക്സിയും വീണു.
അവസാന ഓവറുകളിൽ ബ്ലെസിംഗ് മുസറബാനിയുടെ (4/17) തീപ്പൊരി പന്തുകൾക്ക് മുന്നിൽ മറുപടിയില്ലാതെ ഓസ്‌ട്രേലിയ 19.3 ഓവറിൽ 146 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ സിംബാബ്‌വെ 23 റൺസിന്റെ ഐതിഹാസിക വിജയം സ്വന്തമാക്കി. 17 റൺസ് മാത്രം നൽകി കങ്കാരുകളുടെ പതനത്തിന് ആക്കംകൂട്ടിയ പ്രകടനവുമായി 4 വിക്കറ്റ് നേടിയ ബ്ലെസിംഗ് മുസറബാനിയാണ് പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. സിക്കന്ദർ റാസയുടെ നേതൃത്വത്തിലുള്ള ഈ സിംബാബ്‌വെ ടീം ഇത്തവണത്തെ ലോകകപ്പിൽ ഏതൊരു വമ്പൻ ടീമിനും ഭീഷണിയാണെന്ന സന്ദേശമാണ് കൊളംബോയിൽ നിന്നും വരുന്നത്.



