സംരംഭകർക്കായി പട്ടികജാതി വകുപ്പിൻ്റെ പുതിയ വായ്പാ പദ്ധതി
തൃശ്ശൂർ: സംസ്ഥാനത്തിൻ്റെ വ്യവസായ വളർച്ചയ്ക്കൊപ്പം പട്ടികജാതിക്കാർക്കും മുന്നേറാൻ ആരംഭിച്ച “സമൃദ്ധി കേരളം” വായ്പാ പദ്ധതിക്ക് അപേക്ഷകർ ഏറുന്നു. പദ്ധതി പ്രഖ്യാപിച്ച് 2 മാസത്തിനകം ആയിരത്തിലേറെ അപേക്ഷകരെത്തി.
പദ്ധതിയുടെ ഉദ്ഘാടനവും സംരഭക സംഗമവും 21 ന് തൃശൂരിൽ നടക്കും. അപേക്ഷകരിൽ മതിയായ രേഖകൾ സമർപ്പിച്ച 240 പേർക്ക് അന്ന് തുക വിതരണം ചെയ്യും. രാവിലെ 11.30 ന് റെസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ മന്ത്രി ഒ ആർ കേളു ഉദ്ഘാടനം നിർവഹിക്കും. പി ബാലചന്ദ്രൻ എം എൽ എ അധ്യക്ഷനാകും.
നിലവിൽ സംരംഭങ്ങളുള്ള പട്ടികജാതിക്കാർക്കും പുതുതായി വരുന്നവർക്കും സംരംഭകത്വ വികസന പരിപാടിയായി പദ്ധതി വളരെ പ്രയോജനപ്പെടുമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു.
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനാണ് പദ്ധതി നടത്തിപ്പിൻ്റെ ചുമതല. പദ്ധതികൾക്കനുസരിച്ച് 10ലക്ഷം രൂപ വരെ ടോപ്- അപ് ലോൺ നൽകും. വായ്പയ്ക്ക് പലിശ ഇളവാണ് സംരംഭകർ തെരഞ്ഞെടുക്കുന്നതെങ്കിൽ 3 ശതമാനത്തിനും സബ്സിഡിയാണെങ്കിൽ 20 ശതമാനം വരെയും ലഭിക്കും. ഉയർന്ന പ്രായപരിധി 65 വയസാണ്. തിരിച്ചടവിന് 4 മുതൽ 7 വർഷം വരെ സമയം ലഭിക്കും.
സംരംഭകത്വ മേഖലയിലും പട്ടിക ജാതിക്കാർക്ക് അവസരങ്ങൾ ഒരുക്കുന്നതിനാണ്
ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചതെന്നും മന്ത്രി കേളു വ്യക്തമാക്കി. ഇതിനു പുറമേ വിപണനമടക്കമുള്ള കാര്യങ്ങൾക്ക് കോർപറേഷൻ്റെ പിന്തുണയും പദ്ധതിയിൽ ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
വനിതാ സംരഭകർക്കും ദുർബലവിഭാഗക്കാർക്കും പദ്ധതിയിൽ മുൻഗണന ലഭിക്കും. ആധുനിക സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുക, പുതിയ പ്ലാൻ്റുകളും യന്ത്രങ്ങളും സ്ഥാപിക്കുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, പുതിയ വിപണന കേന്ദ്രങ്ങൾ തുറക്കുക തുടങ്ങിയ കാര്യങ്ങൾ പദ്ധതി വഴി സാധ്യമാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ഓഫീസുകളുമായി ബന്ധപ്പെടുക.



