കുവൈറ്റ് ബാഡ്മിന്റൺ സൂപ്പർ ലീഗ് സീസൺ-2 ഒക്ടോബർ 31, നവംബർ 1 തീയതികളിൽ
കുവൈറ്റ്: കുവൈറ്റിലെ ബാഡ്മിന്റൺ പ്ലയേഴ്സിന്റെ ഔദ്യോഗിക കൂട്ടായ്മയായ ബാഡ്മിന്റൺ പ്ലയേഴ്സ് കുവൈറ്റിന്റെ (BPK) നേതൃത്വത്തിൽ നടത്തപ്പെടുന്ന ബാഡ്മിന്റൺ സൂപ്പർ ലീഗ് സീസൺ-2 ഒക്ടോബർ 31, നവംബർ 1 തീയതികളിലായി അഹ്മദി ഐ-സ്മാഷ് ഇൻഡോർ കോർട്ടിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുവൈറ്റിലെ 8 പ്രധാന ടീമുകളായ സെൻട്രൽ ഹീറോസ് & ടസ്കേഴ്സ്, യുണൈറ്റഡ് സ്പോർട്സ് ക്ലബ്, ഇന്ത്യൻ സ്പോർട്സ് അസോസിയേഷൻ, റാപ്റ്റെർസ്, സഹാറ വിക്ടർ, പവർ സ്മാഷ്, ടീം – 5:30, ഏരീസ് കുവൈറ്റ് സെയിലേഴ്സ് തുടങ്ങിയ ടീമുകൾ ഈ മത്സരങ്ങളിൽ പങ്കെടുക്കും. കുവൈറ്റ്, അറബ്, ഇന്ത്യ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുൻനിര താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന വിവിധ ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുമെന്നും സംഘാടകർ അറിയിച്ചു.
കുവൈറ്റിലുള്ള 700+ കളിക്കാരുടെ റാങ്കിംഗ് നടത്തുകയും, പെയർ റൂളിംഗ് ഉൾപ്പടെയുള്ള കാര്യങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നു. വിവിധ ക്ലബ്ബ്കൾ, ജില്ലാ അസോസിയേഷനുകൾ ഉൾപ്പടെ കുവൈറ്റിൽ നടത്തപ്പെടുന്ന 90% ടൂർണ്ണമെന്റുകളിലും BPK റാങ്കിങ് സമ്പ്രദായവും, ടൂർണമെന്റ് കലണ്ടറും, നിയമങ്ങളും ആണ് പിന്തുടരുന്നത്. സോഫ്റ്റ്വെയറിന്റെ സഹായത്തോടെ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ടൂർണമെൻ്റ് മാനേജ് ചെയ്യാമെന്നതിനുള്ള പിന്തുണയും BPK ഓരോ ടൂര്ണമെന്റിലും നൽകുന്നു. 2022 മുതൽ 35-ലധികം ടൂർണമെൻ്റുകൾ BPK മാർഗ്ഗനിർദ്ദേശങ്ങളോടെ നടത്തിയിട്ടുള്ളതായും സംഘാടകർ അറിയിച്ചു.
ഡോൺ ഫ്രാൻസിസ്, ജ്യോതിഷ് ചെറിയാൻ, അനീഫ് ലത്തീഫ്, ഉസ്മാൻ ഇടശ്ശേരി, പ്രകാശ് മുട്ടേൽ, സജീവ് പുന്നക്കൽ, തോമസ് കുന്നിൽ, ജ്യോതിരാജ്, വിമിൻ, ലിബു പായിപ്പാടൻ, ആനന്ദ് ശശിധരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.