ഈദിനോടനുബന്ധിച്ച് എൻബിടിസി ഗ്രൂപ്പ് കുവൈറ്റിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ്: ഈദിന്റെ സന്ദേശമായ കാരുണ്യവും സഹോദര്യവും മുൻനിർത്തി മിഡിൽ ഈസ്റ്റിൽ എണ്ണ അനുബന്ധ വ്യവസായ രംഗത്തെ പ്രമുഖരായ എൻബിടിസി ഗ്രൂപ്പ് കുവൈറ്റിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ച് അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിലായിരുന്നു ക്യാമ്പ്. എൻബിടിസി ഗ്രൂപ്പിലെ നൂറിലധികം ജീവനക്കാർ ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു.

എൻബിടിസി ഗ്രൂപ്പ് കോർപ്പറേറ്റ് ഡയറക്ടർ (എച്ച്ആർ & അഡ്മിൻ) മനോജ് നന്തിയാലത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സമൂഹത്തോടുള്ള ഉത്തരവാദിത്തബോധത്തിന്റെ പ്രതീകമായ ഇത്തരം പ്രവർത്തനങ്ങൾ എൻബിടിസിയുടെ കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധതയുടെ (CSR) ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
ബിഡികെ കുവൈറ്റ് ചാപ്റ്ററിന്റെ ജോയിന്റ് കൺവീനറും എൻബിടിസി ജീവനക്കാരനുമായ നളിനാക്ഷൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. എൻബിടിസി അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് മാനേജർ റിനീഷ് ചന്ദ്രൻ ടി.വി, സീനിയർ നഴ്‌സ് അജീഷ് ബേബി എന്നിവർ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ സാമൂഹിക പ്രസക്തിയെക്കുറിച്ചും വിശദീകരിച്ചു.
ബിഡികെ പ്രതിനിധികളായ ജയൻ സദാശിവൻ, മനോജ് മാവേലിക്കര, രാജൻ തോട്ടത്തിൽ എന്നിവർ ആശംസകൾ നേർന്നു. ഇത്തരം ഒരു മഹത്തായ സംരംഭത്തിന് പൂർണ്ണ പിന്തുണ നൽകിയ എൻബിടിസി മാനേജ്മെന്റിനെയും ജീവനക്കാരെയും അവർ അഭിനന്ദിച്ചു. സമൂഹനന്മയ്ക്കായി ജീവനക്കാർ കാഴ്ചവെച്ച സന്നദ്ധ സേവന മനോഭാവത്തെ എൻബിടിസി ഗ്രൂപ്പ് എച്ച്ആർ & അഡ്മിൻ സീനിയർ മാനേജർ റിജാസ് കെ.സി. പ്രശംസിച്ചു.

വെങ്കിടേശൻ എസ്. രാജൻ, വിധു എസ്. നായർ, ജിൻസ് എ. ജേക്കബ്, സനൽ കുമാർ, മുഹമ്മദ് അലി ചാത്തേരി, കലേഷ് മണ്ണേന്റെ, ക്രിസ്റ്റിൻ ടി. സാമുവൽ, സൗമ്യൻ എ., ഗോപാലകൃഷ്ണൻ ഹരീഷ്, ഗണേശൻ മുത്തുമാണിക്കം, ജീൻ ജോസഫ്, റിനു മത്തായി, ഹാനി എസ്., നെസീഫ് എം. അലി എന്നിവർ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.
രക്തദാനം നടത്തിയ മുഴുവൻ ജീവനക്കാരെയും എൻബിടിസി ഗ്രൂപ്പ് ചടങ്ങിൽ ആദരിച്ചു. ഇവർക്കായി ഹൈവേ സെന്റർ സ്പോൺസർ ചെയ്ത ഡിസ്‌കൗണ്ട് കൂപ്പണുകളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. സമൂഹസേവന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം ഉറപ്പാക്കുക, ഒപ്പം കമ്പനിയുടെ “വൺ ടീം, വൺ ഫാമിലി” എന്ന ആപ്തവാക്യം പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് എൻബിടിസി ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കി.



