വാ വായിക്കാം; അങ്കണവാടി പ്രവേശനോത്സവത്തിന് കളക്ടർ എത്തി
ആദ്യ അക്ഷരത്തിൻ്റെ പാഠം നുകരാനെത്തിയ കുഞ്ഞു കൂട്ടുകാരെ കാണാൻ മധുരവുമായി കളക്ടറെത്തി. തെക്കുംകര ഗ്രാമപഞ്ചായത്തിലെ മങ്കര അങ്കണവാടി പ്രവേശനോത്സവത്തിൽ ചിത്രം വരയ്ക്കുന്നതിനുള്ള ക്രയോൺസും മധുരവുമായി എത്തിയ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരനായി. അങ്കണവാടികളിൽ ലൈബ്രറി സൗകര്യമൊരുക്കുന്നതിന് തൃശ്ശൂർ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന വാ വായിക്കാം പദ്ധതിയുടെ ഭാഗമായി മങ്കര അങ്കണവാടിയിലേക്ക് കളക്ടർ പുസ്തകങ്ങൾ അദ്ധ്യാപിക കെ.എം.സുഹറയ്ക്ക് കൈമാറി. കുട്ടികളെ ചേർത്ത് നിർത്തി സെൽഫിയെടുത്തും കളി ചിരികളുമായി അവർക്കൊപ്പം സമയം ചെലവഴിച്ചും അവരിൽ ഒരാളായി കളക്ടർ.
ലൈബ്രറി തുടങ്ങുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ആദ്യഘട്ടത്തിൽ 150 പുസ്തകങ്ങൾ സജ്ജമാക്കി. അങ്കണവാടിയിലെത്തുന്ന എല്ലാവർക്കും വായനയുടെ ലോകത്തെ അടുത്തറിയാൻ അവസരം ഒരുക്കുകയാണ് വാ വായിക്കാം പദ്ധതിയിലൂടെ.
കരുമത്ര, മങ്കര അങ്കണവാടികളിലെ പ്രവേശനോത്സവം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. അങ്കണവാടി അദ്ധ്യപികയെയും ഹെൽപ്പറെയും കളക്ടർ പൊന്നാടയണിയിച്ച് ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ. ഉമാലക്ഷ്മി അദ്ധ്യക്ഷയായി. വാർഡ് മെംബർ ഐശ്വര്യ ഉണ്ണി, വടക്കാഞ്ചേരി സി.ഡി.പി.ഒ ബേബി.കെ.കേലത്ത്, പഞ്ചായത്ത് ഐ.സി.ഡി.എസ് സുപ്പർവൈസർ എം.കെ.ശോഭന, മുൻ പഞ്ചായത്തംഗം രാജീവൻ തടത്തിൽ, വാർഡ് സി.ഡി.എസ് ചെയർപേഴ്സൺ അജിത രാജൻ എന്നിവർ പങ്കെടുത്തു.



