മിഡ്‌ലൈൻ ന്യൂസ് | ‘എന്റെ നാട് ’ പരമ്പര | എൻ ശ്രീകുമാർ
സംസ്കാരത്തിൽ നിന്നും സാഹിത്യം കോഴിക്കോട്ടേക്ക് പോയി
“സാംസ്കാരിക തലസ്ഥാനമെന്ന പേരില്‍ തൃശൂര്‍ അറിയപ്പെടുന്നുണ്ടെങ്കിലും ഏത് തരത്തിലുള്ള സംസ്‌കാരമാണെന്ന് അന്വേഷിക്കേണ്ട അവസ്ഥ.
സാഹിത്യ- സംഗീത നാടക -ലളിതകലാ അക്കാദമികളും മുണ്ടശ്ശേരി സ്മാരകവും സ്‌കൂള്‍ ഓഫ് ഡ്രാമയും തൃശൂര്‍ നഗരത്തില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. നിളയുടെ തീരത്ത് കലാമണ്ഡലവുമുണ്ട്. മുസ്‌രീസ് നഗരത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരുണ്ട്. തൃശൂര്‍ പൂരവും അതുപോലെയുള്ള ക്ഷേത്രോത്സവങ്ങളുടെയും പെരുനാളുകളുടേയുംനാടാണ്.
പക്ഷെ ഗവണ്‍മെന്റ് തൃശൂരിനെ ഇപ്പോള്‍ വാണിജ്യകേന്ദ്രമാക്കിയിട്ടുണ്ട്. യോജിച്ച പേരുതന്നെയാണ്. സാംസ്‌കാരിക തലസ്ഥാനം എന്നത് തൃശൂര്‍ ജില്ലയാണോ തൃശൂരാണോ എന്ന് ചോദിച്ചാല്‍ തൃശൂര്‍ എന്ന് തന്നെ പറയേണ്ടി വരും. പ്രാന്തപ്രദേശങ്ങളില്‍ പേരുകേട്ട സാംസ്‌കാരിക കാഴ്ചകളുണ്ടെങ്കിലും തൃശൂര്‍ എന്ന് പറയുമ്പോള്‍ അത് ജില്ല മൊത്തമായി കണക്കാക്കാനാവില്ല.
വാണിജ്യ കേന്ദ്രം എന്ന പേര് അടുത്തകാലത്ത് ലഭിച്ചതാണ്. അപ്പോള്‍ സാഹിത്യ നഗരം കോഴിക്കോടായി. സാംസ്‌കാരിക തലസ്ഥാനം എന്ന് പേരിട്ടത് തൃശൂരിലെ പ്രഗത്ഭമതികളായ എഴുത്തുകാരുടെ സവിധംകൂടി ആയിരുന്ന തിനാലാകാം.
ഒപ്പം മേല്‍പറഞ്ഞ അക്കാദമികളും ഉണ്ടല്ലോ. സാഹിത്യ അക്കാദമി വന്നതോടെയാകാം സാംസ്‌കാരിക തലസ്ഥാനം എന്ന പേര് കൂടുതല്‍ ഉറച്ചത്. പക്ഷെ ഇപ്പോള്‍ എഴുത്തുകളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. പ്രൊഫ.സുകുമാര്‍ അഴീക്കോട് കാലിക്കറ്റ് സര്‍വ്വകലാശാല അധ്യാപന ജീവിതം അവസാനിപ്പിച്ചശേഷം അദ്ദേഹം തൃശൂരിലാണ് താമസമാക്കിയത്. അദ്ദേഹത്തിന്റെ സാന്നിധ്യം സാംസ്‌കാരിക തലസ്ഥാനമെന്ന പേര് പ്രോജ്വലമാക്കി. അദ്ദേഹം മരിച്ചതോടെ വലിയ ശൂന്യതയും അനുഭവപ്പെടുന്നു. ഒരുപാട് സാഹിത്യകാരന്മാര്‍ തൃശൂരിലേക്ക് താമസം മാറ്റി അക്കാദമിയുടെ ചാരത്ത് തന്നെ ഉണ്ടാകുന്നത് നല്ലതാണ്. നോവലിസ്റ്റ് വിലാസിനി (എം.കെ.മേനോന്‍) വര്‍ഷങ്ങളായി തൃശൂരിലായിരുന്നു താമസം. വൈശാഖൻ തൃശൂർ വിട്ട് പാലക്കാട്ടേക്ക് പോയി.
ഇന്ന് സാഹിത്യകാരന്മാര്‍ ഏറെയും മലബാര്‍ മേഖലയിലാണ്. കാസര്‍കോഡ് മുതല്‍ പൊന്നാനി വരെ അത് കൃത്യമാണ്. തൃശൂരിലെ സാഹിത്യ സമ്മേളനങ്ങള്‍ക്ക് ആളെ കണ്ടെത്താന്‍ സാംസ്‌കാരിക തലസ്ഥാനം വിട്ടുപോകേണ്ട അവസ്ഥയാണ്. അപ്പന്‍തമ്പുരാനും പുത്തേഴത്ത് രാമന്‍മേനോനും, ജോസഫ് മുണ്ടശ്ശേരി മാഷും, വൈലോപ്പിള്ളി ശ്രീധരമേനോനും
സമ്പന്നമാക്കിയ നാടാണ് തൃശൂര്‍. മംഗളോദയം പ്രസും എക്സ്പ്രപ്രസ് പത്രവും ഓർമ്മയിൽ. ചലച്ചിത്ര പ്രവർത്തകരും നാടക പ്രവർത്തകരും പിന്നാക്കം പോകുന്നു. നാടകസംഘങ്ങൾ ഒന്നോ രണ്ടോ. മടുത്തോന്ന് ശങ്ക..
വാണിജ്യ നഗരം എന്ന പേര് വരുമ്പോള്‍ സാഹിത്യ നഗരം ഇല്ലാതാകുന്നു. അത് കോഴിക്കോടായി. സാഹിത്യകാരൻമാർ കൂടുതൽ അവിടെയാണ്. പക്ഷെ അപ്പോഴും പേരെടുത്ത സാഹിത്യകാരന്മാരുടെ എണ്ണം ഇവിടെ കുറഞ്ഞുവരികയാണ്. പ്രൊഫ.സാറ ജോസഫിനേയും പ്രൊ. പി.വി.കൃഷ്ണൻ നായരെ പോലെയുള്ളവരെയും വിസ്മരിക്കുന്നില്ല.
തൃശൂരിൽ അക്കാദമികൾ ഉണ്ടായതുകൊണ്ട് കാര്യമില്ലെന്നര്‍ത്ഥം.
സാംസ്കാരിക തലസ്ഥാനമല്ലേ അതിന് തക്ക പരിപാടികൾ ഒരുക്കേണ്ടതല്ലേ? ഒരു നാടകോത്സവം മാത്രം മതിയോ?പലതും നിലച്ചു. തൃശൂർക്കാർ പൂരത്തിൽ ഒതുങ്ങിയോ?
സ്വര്‍ണ്ണ വ്യാപാരവും വസ്ത്ര വ്യാപാരവും ഐശ്വര്യത്തോടെ വിളങ്ങുന്ന നഗരമായതിനാലാവാം വാണിജ്യ നഗരമെന്ന പേര് വന്നത്. തൃശൂരിലെ ക്രൈസ്തവ വിഭാഗങ്ങള്‍ പഴയകാലം മുതലേ വാണിജ്യ രംഗത്തെ കേന്ദ്രീകരിച്ചിരുന്നു.
വാണിജ്യ നഗരം എന്ന് പറയുമ്പോള്‍ അത് തൃശൂര്‍ മാത്രമാകുന്നു. പൊന്‍ തിളക്കം തൃശൂരിനെ സ്വര്‍ണ്ണ വിപണന കേന്ദ്രബിന്ധുവാക്കുന്നുണ്ട്. സാംസ്‌കാരിക തലസ്ഥാനമെന്ന പേര് തൃശൂര്‍ നിലനിർത്തുന്നത്
സാഹിത്യം മാത്രമല്ല മറ്റ് കലാ ഉത്സവ മേള സംസ്‌കാരവും കൂടി ഉള്‍പ്പെടുന്നുണ്ടാകണം. എന്തായാലും സാംസ്‌കാരിക തലസ്ഥാനം എന്ന പേരെടുത്ത് മാറ്റിയിട്ടില്ല. അതൊരു വലിയ കാര്യം തന്നെയാണ്.
വാണിജ്യ നഗരമെന്ന പേര് വരുമ്പോള്‍ വാണിജ്യ തലസ്ഥാനമെന്ന പേര് ഉണ്ടാകാത്തത് സാംസ്‌കാരിക തലസ്ഥാനത്തെ നിലനിര്‍ത്താന്‍ സഹായിക്കുമായിരിക്കും..
സാംസ്കാരിക പ്രൗഢിത്യശൂരിന് നഷ്ടപ്പെടാതിരികാൻ അക്കാദമികൾക്കും ഉത്തരവാദിത്തമുണ്ട്.
പലരും ചിന്തിക്കാത്ത കാര്യം നമുക്ക് ചിന്തിച്ചേ പറ്റൂ.”
എൻ. ശ്രീകുമാർ
എൻ. ശ്രീകുമാർ – തൃശൂരിന്റെ അഭിമാനമായ മുതിർന്ന മാധ്യമപ്രവർത്തകൻ.
സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ സാന്നിധ്യം, മാധ്യമ രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകളും നിഷ്പക്ഷതയും കൊണ്ട് ശ്രദ്ധേയമായ വ്യക്തിത്വം എന്നീ നിലയിലും ജനകീയനായ വ്യക്തിത്വം.
തൃശൂർ മേഖലയിൽ നടക്കുന്ന സാംസ്‌കാരിക, സാമൂഹിക, മാധ്യമ സദസ്സുകളിൽ സ്ഥിരമായി പങ്കാളിയാകുന്ന വ്യക്തിത്വമാണ് അദ്ദേഹം.
മാധ്യമ തത്വങ്ങളും ഉത്തരവാദിത്തവും സംബന്ധിച്ച അനേകം സെമിനാറുകളിലും സംവാദങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
ഏകോപനം – എൻ പി രാമചന്ദ്രൻ തൃശൂർ



