തൃപ്രയാർ അഥവാ ‘വിശപ്പില്ലാ പട്ടണം’
“ഭക്ഷണം മനുഷ്യന്റെ അടിസ്ഥാന ആവശ്യം, അതിലേക്ക് എത്തുന്ന വഴി എളുപ്പമായിരിക്കണം,
ആരോടും ചോദിക്കേണ്ട അവസ്ഥയുണ്ടാകരുത് – അതാണ് ഈ ആശയത്തിന്റെ പ്രേരകശക്തി,”
- ഷൈൻ ഭാസ്കരൻ
ഭക്ഷണം കിട്ടാതെ ആരും തിരിച്ചു പോകേണ്ടി വരില്ല കേരളത്തിലെ ഈ ചെറു പട്ടണത്തിൽ എത്തിയാൽ.
എന്തെങ്കിലും കാരണവശാൽ ഈ പട്ടണത്തിൽ എത്തി ഭക്ഷണം കഴിക്കാൻ സാഹചര്യം അനുവദിക്കുന്നില്ല എന്നുള്ള അവസ്ഥയിൽ പട്ടണത്തിന്റെ ഹൃദയ ഭാഗത്തുതന്നെ മാനവികതയുടെ വലിയ സന്ദേശം ഉയർത്തി ഒരു സ്ഥാപനം നിങ്ങളെ സ്വാഗതം ചെയ്യും. തൃശൂർ ജില്ലയിലെ തീരദേശ പട്ടണമായ തൃപ്രയാറിൽ യുവ സംരഭകനായ ഷൈൻ ഭാസ്കരൻ ആണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന മനുഷ്യ സ്നേഹി.
പല സാഹചര്യങ്ങൾ മൂലം ആത്യന്തികമായി മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായ ഭക്ഷണം കഴിക്കാൻ കഴിയാതെ വരുന്ന അവസ്ഥ ആർക്കും വരാവുന്നതാണന്നും അതിന് സാമ്പത്തിക അവസ്ഥ മാത്രമെല്ല കാരണമാകുന്നതെന്നും നമ്മുടെ മറവി പോലും അതിന് കാരണമാകാമെന്നുമുള്ള പ്രായോഗിക ചിന്തയിൽ നിന്നാണ് സമൂഹത്തോട് ഉത്തരവാദിത്വം വേണം എന്ന് കരുതുന്ന ഷൈൻ ഭാസ്കരൻ എന്ന സംരഭകന്റെ നിരവധി സാമൂഹ്യ പ്രവർത്തനങ്ങളിൽ ഒന്നായി സ്ഥാനം പിടിച്ചതാണ് ‘വിശപ്പില്ലാ പട്ടണം’ എന്ന ആശയം . ഇത് നടപ്പിലാക്കുന്നത് അദ്ധേഹത്തിന്റെ തന്നെ ഉടമസ്ഥതയിൽ ഉള്ള തൃപ്രയാറിലെ പ്രമുഖ ഹോട്ടൽ ആയ ഡ്രീം ലാൻഡ് വഴിയാണ് . ഹോട്ടലിന്റെ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന ‘വിശപ്പില്ലാ പട്ടണം’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ബോർഡിൽ ഫുഡ് കൂപ്പണുകൾ കരുതിയിട്ടുണ്ടാവും ഈ കൂപ്പൺ എടുത്ത് ഹോട്ടലിന്റെ കൗണ്ടറിൽ കൊടുത്താൽ . ആ സമയത്ത് അവിടെ വിളമ്പുന്ന ഭക്ഷണം എന്തായാലും അത് പാക്ക് ചെയ്ത് നൽകുന്ന രീതിയിൽ ആണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. തൃശൂരിന്റെ തീരദേശ മേഖലയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നായ തൃപ്രയാറിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്ന നിരവധി പേരിൽ ആർക്കെങ്കിലും ഭക്ഷണം എന്ന ആവശ്യത്തിന് സാഹചര്യം അനുവദിക്കുന്നില്ല എങ്കിൽ തീർച്ചയായും ഉപകാരപ്പെടുന്നതാണ് ഈ സംവിധാനം. ആരോടും ചോദിക്കാതെ തന്നെ നമ്മുടെ ആവശ്യം നിറവേറ്റപെടണം എന്ന കാര്യത്തിൽ ശ്രദ്ധിച്ചിരുന്നതായി ഇത്തരം ഒരു ആശയം ആലോചിച്ചപ്പോഴേ ചിന്തിച്ചിരുന്നു എന്നും അതിനാൽ ആണ് ഇത്തരം ഒരു ബോർഡിലൂടെ കൂപ്പണുകൾ സജ്ജീകരിച്ചിരിക്കുന്നതെന്നും ഷൈൻ ഭാസ്കരൻ പറയുമ്പോൾ അതിന്റെ അടിസ്ഥാനം ചോദിക്കാനുള്ള മടികൊണ്ട് പോലും ആരും ഭക്ഷണം കഴിക്കാതെ പോകരുത് എന്ന ചിന്തയാണ് അതിന്റെ പിറകിൽ ഉള്ളതെന്ന് നിസംശയം പറയാം. 2018 മുതൽ ആരംഭിച്ച ഈ പ്രവർത്തനം ഇന്നും തുടർന്നുവരുന്നു. തൃപ്രയാർ സെന്ററിൽ തന്നെ സ്ഥിതി ചെയ്യുന്ന ഡ്രീംലാന്റ് ഹോട്ടൽ നിങ്ങളുടെ ഓർമ്മയിൽ ഇരിക്കട്ടെ.
നമ്മുടെ നാട്ടിലാകെ ഓരോ പ്രദേശത്തെയും സംരംഭകർക്കും സാമൂഹിക സേവന പ്രസ്ഥാനങ്ങൾക്കും നടപ്പിലാക്കാൻ കഴിയുന്ന മികച്ച സാമൂഹ്യ സേവനം എന്ന നിലയിൽ ഇത് മികച്ച ഒരു ഉദാഹരണമായി എടുക്കാവുന്നതാണ്.
ഷൈൻ ഭാസ്കരൻ
ജൂനിയർ ചേംബർ ഇന്റർനാഷണൽ (JCI) എന്ന ആഗോള യുവജന സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയായി ചരിത്രത്തിൽ ഇടം നേടിയ നാട്ടിക സ്വദേശി, തട്ടുപറമ്പിൽ ഭാസ്കരൻ-മീനാക്ഷി ദമ്പതികളുടെ നാലാമത്തെ മകൻ, കൊമേഴ്സിൽ ബിരുദവും ഹോട്ടൽ മാനേജുമെന്റിൽ ഡിപ്ലോമയും നിയമത്തിൽ ബിരുദവും നേടിയിട്ടുണ്ട്.
1999ൽ ജൂനിയർ ചേംബർ ഇന്റർനാഷണലിലേക്കുള്ള പ്രവേശനത്തോടെ തുടങ്ങിയ അദ്ദേഹത്തിന്റെ ആഗോള തലത്തിലുള്ള സംഘടനാപരമായ പ്രവർത്തനങ്ങളുടെ മികവിൽ 2014-ൽ ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെ ആഗോള പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയായും രണ്ടാമത്തെ ഇന്ത്യക്കാരനായും മാറി.
ഹോട്ടൽ ഡ്രീംലാൻഡ്, ഡ്രിംസ് ഡിജിറ്റൽ കളർ ലാബ്, ആക്വാ ഷൈൻ ഫാമുകൾ, ഗോൾഡൻ ഗേറ്റ് ടൂർസ് ആൻഡ് ട്രാവൽസ് എന്നിവയുടെ സിഇഒയാണ്. ഭാര്യ ധന്യ മക്കൾ കൃഷ്ണ, കരിഷ്മ.
“വിശപ്പില്ലാ പട്ടണം” ഒരു സംരംഭകന്റെയോ ഹോട്ടലിന്റെയോ വിശേഷണമല്ല – അത് മാനവികതയുടെ ദീപ്തപ്രകാശമാണ്.
ഈ മഹത്തായ സംരംഭത്തിന് എല്ലാ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.
ടീം മിഡ്ലൈൻ.
ഏകോപനം – ജയൻ ബോസ്



