Sports

ഫിഫ ക്ലബ്‌ ലോകകപ്പ് ആവേശപ്പോരിലേക്ക്

ഷാഹുൽ ബേപ്പൂർ

പല മത്സരങ്ങളിലും ഗ്രൗണ്ടും കാലാവസ്ഥയും വില്ലനായ അമേരിക്കയിൽ നടക്കുന്ന ഫിഫ ക്ലബ്‌ ലോകകപ്പ്, സെമി ഫൈനൽ മത്സരങ്ങളിലേക്ക് കടക്കുന്നതോടെ ആവേശകരമാകുന്നു. ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആയ പി.എസ്.ജി കരുത്തരായ റിയൽ മാഡ്രിഡ്‌, പ്രീമിയർ ലീഗിൽ നിന്നുള്ള ചെൽസി എന്നിവർക്കൊപ്പം ബ്രസീലിൽ നിന്നുള്ള ഫ്ലൂമിനൻസ് ടീമുകൾ ആണ് അവസാന നാലിലേക്ക് യോഗ്യത നേടിയത്. ആദ്യ സെമിയിൽ ഫ്ലൂമിനൻസ് ചെൽസിയേയും രണ്ടാം സെമിയിൽ പി.എസ്.ജി റിയൽ മാഡ്രിഡിനേയും നേരിടും.

തന്റെ നാല്പതാം വയസ്സിലും ഇരുപതുകാരന്റെ വീര്യത്തോടെ പ്രതിരോധനിര കാക്കുന്ന മുൻ ബ്രസീൽ സെൻട്രൽ ഡിഫാന്റർ തിയാഗോ സിൽവയുടെ കരുത്തിലാണ് ഫ്ലൂമിനൻസിന്റെ സെമിയിലേക്കുള്ള കുതിപ്പ്. ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റ് ആയ ഇന്റർമിലാനെ പ്രീക്വാർട്ടറിലും മഞ്ചെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയ സൗദി ക്ലബ്‌ അൽ ഹിലാലിനെ ക്വാർട്ടർ ഫൈനലിലും പരാജയപെടുത്തി സെമിയിൽ എത്തിയ ഫ്ലൂമിനൻസിന് പാൽമറുടെയും എൻസോ ഫെർണാണ്ടസിന്റെയും കരുത്തിൽ കുതിക്കുന്ന ചെൽസിയെ പിടിച്ചു കെട്ടാൻ സാധിക്കുമോ എന്നതാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.

രണ്ടാം സെമിയിൽ പി.എസ്.ജി, റിയൽ മാഡ്രിഡിനെ നേരിടുമ്പോൾ മത്സരം പ്രവചനാതീതമാണ്. ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ മാറ്റുരക്കുന്ന മത്സരം തുല്യശക്തികളുടെ പോരാട്ടമായാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. ബയേൺ മ്യൂണിക്കിനെ ഏകപക്ഷീയമായ രണ്ടു ഗോളിൽ തോൽപ്പിച്ചാണ് പി.എസ്.ജി സെമി ഉറപ്പിച്ചതെങ്കിൽ ഇഞ്ചോടിച്ചു പോരാട്ടത്തിൽ ബൊറിസിയ ഡോർട്ട്മുണ്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് റിയൽ സെമി ഉറപ്പിച്ചത്.

ഗോൾ വേട്ടയിൽ മുന്നിൽ നിൽക്കുന്നത് റിയൽ മാഡ്രിഡിന്റെ ഭാവി വാഗ്ദാനമായ ഗോൺസാലോ ഗാർസിയയാണ്. അസിസ്റ്റുകളുടെ കാര്യത്തിൽ പി.എസ്.ജിയുടെ പോർച്ചുഗൽ താരം വിറ്റിഞ്ഞാ, അഷ്‌റഫ്‌ ഹകീമി, റിയൽ മാഡ്രിഡിന്റെ പുതിയ സൈനിങ് ആയ ട്രെന്റ് അർനോൾഡ് ചെൽസിയുടെ അർജന്റീന താരം എൻസോ ഫെർണാണ്ടസ് എന്നിവരാണ് മുൻപന്തിയിൽ ഉള്ളത്. പി.എസ്.ജിയുടെ ഇറ്റാലിയൻ ഗോൾ കീപ്പർ ഡോണരുമ്മ നാല് ക്ലീൻ ചീറ്റുമായി ഗോൾ കീപ്പർമാരിൽ മുന്നിലെത്തിയപ്പോൾ മികച്ച സേവിങ്ങുകളുമായി റിയൽ മാഡ്രിഡിന്റെ കോർട്ടിയോസും ബാറിന് കീഴിൽ ശക്തികാണിച്ചിട്ടുണ്ട്.