THRISSUR

മെഗാ രക്തദാന ക്യാമ്പിൽ മാതൃകയായി അധ്യാപകരും വിദ്യാർത്ഥികളും

നാട്ടിക: നാട്ടിക ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികൾക്കിടയിൽ രക്തദാനത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ക്യാമ്പിൽ 201 യൂണിറ്റ് രക്തം ശേഖരിക്കപ്പെട്ടു. അമല മെഡിക്കൽ കോളേജ്, തൃശൂർ ജനറൽ ഹോസ്പിറ്റൽ, ഐ.എം.എ. രക്തബാങ്ക് തുടങ്ങിയ മൂന്ന് സ്ഥാപനങ്ങൾ ഈ സന്നദ്ധ പ്രവർത്തനത്തിൽ പങ്കെടുത്തു.

ക്യാമ്പിൻ്റെ ഉദ്ഘാടനം പ്രശസ്ത കണ്ണ് രോഗ വിദഗ്ധൻ ഡോ. സിദ്ധാർത് ശങ്കർ നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.എസ്.പി. നസീർ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ ജയബിനി ജി.എസ്.ബി സ്വാഗതവും എച്ച്.എം. മിനിജ ആർ വിജയൻ ആശംസ പ്രസംഗവും നടത്തി. ചടങ്ങിൽ സി.എസ്. മണികണ്ഠൻ, സീനിയർ അസിസ്റ്റൻ്റ് രഘുരാമൻ കെ.ആർ., അധ്യാപകരായ ഷൈജാബി, രശ്മി വി.ജി., ദിവ്യ ശ്രീജിനി, ബിന്ദു എം.ജെ. എന്നിവരും പങ്കെടുത്തു.

പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ് നന്ദി രേഖപ്പെടുത്തി. രക്തം നൽകി മാതൃകയായ പ്രിൻസിപ്പാൾ ജയബിനി ജി.എസ്.ബി, എൻ.എസ്.എസ് കോഡിനേറ്റർ ശലഭ ജ്യോതിഷ് എന്നിവർ ക്യാമ്പിൻ്റെ മുഖ്യ ആകർഷണങ്ങളായി.

സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ രക്തം ശേഖരിച്ച എൻ.എസ്.എസ് യൂണിറ്റായി രണ്ടാം സ്ഥാനത്ത് എത്തിയ സ്കൂൾ യൂണിറ്റിന്‌ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രത്യേക ആദരവ് നൽകി. ഡോ. സിദ്ധാർത് ശങ്കറും ഭാര്യ സുസിതയും ഈ ആദരം ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡണ്ട് പി.എസ്.പി. നസീർ ഉപഹാരം സമ്മാനിച്ചു.