THRISSUR

കമ്മാറ ഓഡിറ്റോറിയത്തിൽ ആയുർവേദ ചികിത്സാ ക്യാമ്പ്

എടമുട്ടം ഫ്രണ്ട്സ് പുരുഷ സ്വയസഹായ സംഘം, വലപ്പാട് വാഴൂർ ശ്രീനിവാസം വൈദ്യർ സ്മാരക സർക്കാർ ആയുർവേദ ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിച്ച സംയുക്ത ആയുർവേദ ചികിത്സാ ക്യാമ്പ് ജൂലൈ 25-ാം തീയതി കമ്മാറ ഓഡിറ്റോറിയത്തിൽ വിജയകരമായി നടന്നു. രാവിലെ 9.30 മുതൽ 1.30 വരെയായ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.

ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ട കാലമായ കർക്കിടക മാസത്തിൽ നടപ്പാക്കിയ ക്യാമ്പിൻ്റെ പ്രധാന ലക്ഷ്യം, സൗജന്യമായി ജനങ്ങൾക്ക് ചികിത്സയും മരുന്നും ലഭ്യമാക്കുകയെന്നതായിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്കായി സൗജന്യ പരിശോധനയും, രോഗനിർണയം നടത്തിയതിന് ശേഷമുള്ള മരുന്ന് വിതരണവും നടന്നു. കൂടാതെ കർക്കിടക മാസത്ത് ഉപയോഗിക്കാവുന്ന ഔഷധ കഞ്ഞിക്കായുള്ള മരുന്നുകളും വിതരണം ചെയ്തു.

ക്യാമ്പിൻ്റെ ഉദ്ഘാടനം വലപ്പാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സുധീർ പട്ടാലി നിർവഹിച്ചു. ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. രാകേഷ്, ഡോ. ഹിദ, വാർഡ് മെമ്പർ മണി ഉണ്ണികൃഷ്ണൻ, സംഘടനയുടെ സെക്രട്ടറി ബെന്നി ആലപ്പാട്ട്, വൈസ് പ്രസിഡണ്ട് എൻ വി നൗഷാദ്, ട്രഷറർ ആദർശ് പി എം എന്നിവരും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ക്യാമ്പ് വിജയകരമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.