മുപ്പത് വർഷത്തെ പോരാട്ടത്തിന് വിരാമം
നൂറ്റാണ്ടുകളുടെ സ്വപ്നം ഇവിടെ സാക്ഷത്കരിക്കുന്നു
മണലൂർ നിയോജകമണ്ഡലത്തിൽ നടന്ന ലാന്റ് ട്രൈബ്യൂണൽ പട്ടയവിതരണത്തിലൂടെ നൂറ്റാണ്ടുകളുടെ സ്വപ്നം സാക്ഷത്കരിക്കുകയാണ് പാലക്കാടി പടിഞ്ഞാറെ പുരയ്ക്കൽ കുടുംബത്തിൽപ്പെട്ട 13 കുടുംബങ്ങൾ. നൂറ്റാണ്ടുകൾക്ക് മുമ്പ് വാടാനപ്പള്ളി ഭഗവതി ക്ഷേത്രത്തിൻ്റെ നിർമ്മാണത്തിനായി പാലക്കാട് നിന്ന് കൊണ്ടുവന്നവർ പിന്നീട് ഈ ഗ്രാമത്തിലെ സ്ഥിരതാമസക്കാരായി മാറുകയായിരുന്നു. പരമ്പരാഗതമായി ആശാരി പണി കുലത്തൊഴിലാക്കിയ ഇവർ നൂറ്റാണ്ടുകൾക്കിപ്പുറം തലമുറകളായി ഇവിടെ തന്നെ ജീവിച്ചു വരുന്നു. ഈ കുടുംബങ്ങൾക്ക് കിടപ്പാടമുണ്ടെങ്കിലും ഭൂമിക്ക് ആധികാരികമായ രേഖയില്ലാത്തതിനാൽ സർക്കാരിൻ്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ പദ്ധതികളിൽ ആനുകൂല്യം നേടുന്നതിനോ ബാങ്ക് വായ്പ തുടങ്ങിയവ ലഭിക്കുന്നതിനോ കഴിഞ്ഞിരുന്നില്ല.
മുപ്പതിലധികം വർഷങ്ങളായി സ്വന്തമായ ഭൂമിക്കായി ജനപ്രതിനിധികൾ ഉൾപ്പെടെ നിരന്തരം ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അവയൊന്നും ഫലം കണ്ടില്ല. എന്നാൽ ഈ ദിവസം അതിനെല്ലാം വിരാമമിടുകയാണെന്ന് പട്ടയം ലഭിച്ച വി.കെ ഉഷ പറയുന്നു. മകന് വേണ്ടി വിദ്യാഭ്യാസ ലോണിനായി കുറെ നടന്നെങ്കിലും നികുതി ഇല്ലാത്തതിനാൽ അവനിഷ്ടപ്പെട്ട കോഴ്സിന് ചേർത്താൻ കഴിയാത്തതിൻ്റെ വിഷമം പറയുമ്പോഴും പട്ടയം കയ്യിൽ കിട്ടിയതിന് കേരള സർക്കാരിനോട് നന്ദി പറയുകയാണ് കെ.ജി രേണുക.



