THRISSUR

വിവരാവകാശ കമ്മീഷൻ ഹിയറിങ്ങിൽ 12 അപ്പീലുകൾ തീർപ്പാക്കി

വിവരാവകാശം സേവനാവകാശത്തെ ശക്തിപ്പെടുത്തുന്നു; സംസ്ഥാന വിവരാവകാശ കമ്മീഷണർ

വിവരാവകാശ നിയമം ജനങ്ങൾക്ക് സേവനം ലഭിക്കാനുള്ള അവകാശത്തെ ശക്തിപ്പെടുത്തുന്നുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ പറഞ്ഞു. തൃശ്ശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ഹിയറിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു കമ്മീഷണർ. ഹിയറിങ്ങിൽ പരിഗണിച്ച 13 അപ്പീലുകളിൽ 12 എണ്ണം തീർപ്പാക്കി.

വിവരാവകാശ അപേക്ഷകളിൽ ഏറെയും ഓരോ ഓഫീസുകളിൽ ജനങ്ങൾ നൽകിയ പരാതികളിൽ സ്വീകരിച്ച നടപടികൾ അറിയാൻ വേണ്ടിയാണ് നൽകുന്നത്. സർക്കാർ ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകളിലും പരാതികളിലും വേഗം തീർപ്പാക്കിയാൽ വിവരാവകാശ അപേക്ഷയും കുറയും എന്നാണ് കാണുന്നതെന്നും കമ്മീഷണർ പറഞ്ഞു.

വിവരാവകാശ അപേക്ഷയ്ക്ക് വെറും മറുപടി നൽകിയാൽ മാത്രം പോരെന്നും കൃത്യവും വ്യക്തവുമായ വിവരങ്ങളാണ് നൽകേണ്ടതെന്നും കമ്മീഷണർ സൂചിപ്പിച്ചു.

വിവരാവകാശ അപേക്ഷകൾക്ക് വ്യക്തമായ വിവരം നൽകാത്ത ചാലക്കുടി മുനിസിപ്പാലിറ്റി, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്, അളഗപ്പ നഗർ ഗ്രാമപഞ്ചായത്ത്, ചാലക്കുടി കെ.എസ് ആർ.ടി.സി എന്നിവിടങ്ങളിലെ എസ്. പി.ഐഒ മാരോട് രണ്ടാഴ്ചയ്ക്കകം വ്യക്തമായ വിവരങ്ങൾ നൽകാൻ കമ്മീഷൻ നിർദേശിച്ചു. ഫയൽ കാണാനില്ലെന്ന് മറുപടി നൽകിയ തൃശ്ശൂർ ആർ ഡി ഒ ഓഫീസിലെ എസ്.പി ഐ ഒ യോട് ഫയൽ പുന:സൃഷ്ടിച്ച് വിവരം നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചു.

സാങ്കേതികവിദ്യ ഏറെ വികസിച്ച ഈ കാലഘട്ടത്തിൽ എത്രയും പെട്ടെന്ന് വിവരം ലഭ്യമാക്കേണ്ട ബാധ്യത പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്കുണ്ട്. മനപ്പൂർവ്വം വിവരം നൽകാത്തവർക്കെതിരേയും വിവരങ്ങൾ നൽകുന്നത് വൈകിച്ചവർക്കെതിരെയും നടപടി സ്വീകരിക്കും. വിവരം നൽകാത്ത കാലിക്കറ്റ് സർവകലാശാല, കോലഴി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ വിവരാവകാശ ഓഫീസർമാർക്കെതിനെ ഫയൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ പറഞ്ഞു.