THRISSUR

പുള്ള് കോള്‍പടവ് ടൂറിസം സെൻ്റര്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ പുള്ള് കോള്‍പടവ് ടൂറിസം സെന്റര്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘടനം ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. സി.സി മുകുന്ദന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചുകൊണ്ട് ശിലാഫലകം അനാഛാദനം ചെയ്തു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിശിഷ്ടാതിഥിയായി.

ടൂറിസം വകുപ്പിൻ്റെ ഡെസ്റ്റിനേഷന്‍ ചലഞ്ച് എന്ന പദ്ധതിയിലൂടെ നാം എന്താണോ ഉദ്ദേശിക്കുന്നത് അത് പ്രാവര്‍ത്തികമാക്കുകയാണ് പുള്ള് കോള്‍പടവ് ടൂറിസം സെൻ്ററിലൂടെയെന്ന് മന്ത്രി പറഞ്ഞു. അതിമനോഹരമായ പ്രദേശമാണ് പുള്ള്. ദേശാടനപ്പക്ഷികളും മത്സ്യസമ്പത്തും ഉള്‍പ്പെടെ നിരവധി പ്രത്യേകതകള്‍ ഉള്‍ച്ചേര്‍ന്ന പ്രദേശം. അതുകൊണ്ടുതന്നെ പുള്ള് ഗ്രാമത്തിൻ്റെ സൗന്ദര്യം ലോകത്തിന് മാതൃകയാകുന്ന തരത്തില്‍ 82.66 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കാന്‍ പോകുന്നത്. ഗ്രാമത്തിൻ്റെ പരിസ്ഥിതിക്ക് അനുയോജ്യമായ തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.

ലൈറ്റിംഗ്, ഇരിപ്പിടം എന്നിവയെല്ലാം ചേര്‍ന്നുള്ള അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളും ഗ്രാമത്തില്‍ സാധ്യമാകും. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ പഞ്ചായത്ത് ശ്രമിക്കണമെന്നും അതിനുവേണ്ട എല്ലാ പിന്തുണയും ടൂറിസം വകുപ്പ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ടൂറിസം മേഖലയില്‍ നിരവധിയായ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാനായി. പ്രാദേശിക മേഖലകളിലെ ടൂറിസം കേന്ദ്രങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുവാന്‍ ഡെസ്റ്റിനേഷന്‍ ചലഞ്ച് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കൊണ്ടുവരാന്‍ സാധിച്ചു. ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയിലൂടെ ഒട്ടേറെ പ്രാദേശിക ടൂറിസം മേഖലകള്‍ കണ്ടെത്താനായി. കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെത്തി വികസനം സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിൻ്റെ ടൂറിസം ഡെസ്റ്റിനേഷന്‍ ചലഞ്ചിൻ്റെ ഭാഗമായി സംസ്ഥാന ടൂറിസം ഡിപ്പാര്‍ട്ട്‌മെൻ്റ് അനുവദിക്കുന്ന 49,59,600 രൂപയും ചാഴൂര്‍ ഗ്രാമപഞ്ചയത്തിൻ്റെ 2024-25 വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായി അനുവദിച്ച 33,06,400 രൂപയും ഉള്‍പ്പെടെ 82.66 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന പദ്ധതിയാണ് പുള്ള് കോള്‍പടവ് ടൂറിസം സെൻ്റര്‍.

ഗ്രാമപഞ്ചായത്തും ടൂറിസം വകുപ്പും ചേര്‍ന്ന് പുള്ളില്‍ കോള്‍പടവ് ടൂറിസം സെൻ്റര്‍ പദ്ധതി ആരംഭിക്കുകയാണ്. പുള്ള് ഭാഗത്ത് ശക്തമായ മഴ പെയ്യുമ്പോള്‍ റോഡുകളില്‍ വെള്ളക്കെട്ട് കാരണം ഗതാഗതം തടസ്സം നേരിടുന്ന സാഹചര്യമുണ്ട്. അതിനാല്‍ പൊതുമരാമത്ത് വകുപ്പിനോട് റോഡ് ഉയര്‍ത്തുന്നതിനുള്ള പരിശോധന നടത്തുന്നതിനും പ്രൊപ്പോസല്‍ തയ്യാറാക്കുന്നതിനും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശം നല്‍കി.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീന പറയങ്ങാട്ടില്‍, കെ എല്‍ ഡി സി കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയര്‍ എ.ജി ബോബന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ശശിധരന്‍, ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. മോഹന്‍ദാസ്, വൈസ് പ്രസിഡണ്ട് അമ്പിളി സുനില്‍, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. രാമചന്ദ്രന്‍, ചാഴൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, മെമ്പര്‍മാര്‍, ചാഴൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. ജോയ്‌സി വര്‍ഗീസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.