THRISSUR

കായിക താരങ്ങൾക്ക് സ്നേഹാദരം ഒരുക്കി ജില്ല

തൃശൂർ : സംസ്ഥാന സ്കൂൾ കായിക മേളയിലെ ഇൻക്ലൂസീവ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച് തൃശൂരിൻ്റെ അഭിമാനമായ കായികതാരങ്ങൾക്ക് സ്നേഹാദരം ഒരുക്കി ജില്ല. സമഗ്ര ശിക്ഷാ കേരളയുടേയും പൊതുവിദ്യാഭ്യാസ വകുപ്പിൻ്റേയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ആദരം 2025” ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് കായിക മേഖലയിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുകയും അവരെ ചേർത്തുപിടിക്കുകയും ചെയ്യുക എന്ന നയം സർക്കാർ സ്വീകരിച്ചതിന് ശേഷം കായിക മേഖലയിൽ മിടുക്കരായ ഒട്ടനവധി താരങ്ങൾ ഉയർന്ന് വന്നിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് പറഞ്ഞു

തൃശൂർ ടൗൺഹാളിൽ നടന്ന പരിപാടി കോർപ്പറേഷൻ കൗൺസിലർ റെജി ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്കൂൾ കായിക മേളയിലെ ഇൻക്ലൂസീവ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച താരങ്ങളെ മുഖ്യാതിഥിയായെത്തിയ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇൻക്ലൂസീവ് വിഭാഗത്തിൽ പങ്കെടുത്ത 153 കായിക താരങ്ങളെയാണ് ചടങ്ങിൽ ആദരിച്ചത്.

ഒളിമ്പിക്‌സ് മാതൃകയിൽ നടത്തപ്പെട്ട സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ ഇൻക്ലൂസീവ് വിഭാഗത്തിൽ തുടർച്ചയായ രണ്ടാം വർഷവും ജില്ലയിൽ നിന്നുള്ള കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്‌ച്ചവെച്ചത്. 21 സ്വർണവും 10 വെള്ളിയും രണ്ട് വെങ്കലവും നേടിയായിരുന്നു ജില്ലയുടെ മുന്നേറ്റം. വിവിധ മത്സരങ്ങളിൽ ഗോൾഡ്, സിൽവർ, ബ്രോൺസ് മെഡൽ നേടിയവരോടൊപ്പം, കായിക മേളയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും, പരിശീലകരെയും, നേതൃത്വം വഹിച്ച സ്പെഷ്യൽ എഡ്യൂക്കേറ്റേർമാർ അടക്കമുള്ള മുഴുവൻ ടീം അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.

എസ്.എസ്.കെ ഡി.പി.ഒ ബ്രിജി.കെ.ബി, എസ്.എസ്.കെ ഡി.പി.സി. ഡോ. എൻ. ജെ. ബിനോയ്, വിദ്യാകിരണം കോഡിനേറ്റർ രമേഷ്. എൻ.കെ, യു.ആർ.സി സ്‌പെഷ്യൽ എഡ്യൂക്കേറ്റർ ലിജോ.എം.ജെ, ടീം മാനേജർ മോഹൻരാജ്. പി.എം, ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.