സി വി ശ്രീരാമൻ സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്തു
കുന്നംകുളം: എഴുത്തിലൂടെ കുന്നംകുളത്തിൻ്റെ പെരുമ വാനോളമുയര്‍ത്തിയ സി.വി. ശ്രീരാമന് ആദരമായി കുന്നംകുളത്ത് സി.വി ശ്രീരാമന് സാംസ്കാരിക നിലയത്തിന് തറക്കല്ലിട്ടു. എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ വി.കെ ശ്രീരാമന് നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ.സി മൊയ്തീന് എം.എല്‍.എ ചടങ്ങിന് അധ്യക്ഷത വഹിച്ചു. അടുത്തകാലത്ത് സാംസ്കാരികമായി കുന്നംകുളം വളരെ ഉയര്‍ച്ച നേടിയ കാലമാണിതെന്നും ഇവിടെ സി.വി ശ്രീരാമൻ്റെ പേരില്‍ സജ്ജമാക്കുന്ന സാംസ്കാരിക നിലയം എഴുത്തുകാര്‍ക്കും വളര്‍ന്നു വരുന്ന എഴുത്തുകാര്‍ക്കും വലിയ മുതല്‍ക്കൂട്ടാവുമെന്നും വി.കെ ശ്രീരാമന് പറഞ്ഞു.

രണ്ടു നിലകളില്‍ എം.എല്‍എയുടെ 2023-24 പ്രത്യേക വികസന നിധിയില്‍ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് സാംസ്കാരിക നിലയം നിര്‍മ്മിക്കുന്നത്. മധുരക്കുളത്തിനു സമീപത്തുള്ള നഗരസഭയുടെ സ്ഥലത്താണ് സാംസ്കാരിക നിലയം ഉയരുന്നത്. ആറുമാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കും. നഗരസഭ എന്‍ജിനീയറിങ് വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല. 2575 ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന സാംസ്കാരിക നിലയത്തിൻ്റെ ഗ്രൗണ്ട് ഫ്ലോറില്‍ വരാന്ത, ഓഫീസ് മുറി, ലോബി, ലൈബ്രറി മുറി, വാഷ്റൂം എന്നിവയും ഒന്നാം നിലയില്‍ സ്റ്റെയര്‍ മുറിയുമാണ് ഉണ്ടാവുക. ഭാവിയില്‍ ഒരു നില കൂടി നിര്‍മ്മിക്കുന്ന തരത്തിലാണ് നിര്‍മ്മാണം. കുന്നംകുളത്തെ കെ.എസ്.എ ബില്‍ഡേഴ്സാണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്.

നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്, വൈസ് ചെയര്‍പേഴ്സൺ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.എം സുരേഷ്, സജിനി പ്രേമന്, ടി.സോമശേഖരന്‍, പ്രിയ സജീഷ്, സംസ്ഥാന എസ്.സി, എസ്.ടി കമ്മീഷന് അംഗം ടി.കെ വാസു, നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണന്, ഗാനരചയിതാവ് ബി.കെ ഹരിനാരായണന്, നഗരസഭ എ.എക്സ്.ഇ ബിനയ് ബോസ്, ഫാദര്‍ ബെഞ്ചമിന്‍, പി.ജി ജയപ്രകാശ്, കെ.പി സാക്സണ്‍, എം.എന്‍ സത്യന്, കെ.കൊച്ചനിയന്, സെബാസ്റ്റ്യന്‍ ചൂണ്ടൽ തുടങ്ങിയവര്‍ സംസാരിച്ചു.



