THRISSUR

അന്താരാഷ്ട്ര യുവജന ദിനം; പ്രത്യേക മീറ്റ് ദി കളക്ടർ പരിപാടിയിൽ പങ്കെടുത്ത് എൻ. എസ്.എസ് വിദ്യാർത്ഥികൾ

ജില്ലാ കളക്ടറുടെ ചേമ്പറിൽ വന്ന എൻ.എസ്.എസ് വിദ്യാർത്ഥികളുടെ കണ്ണുകളിൽ ഒരുപോലെ തെളിഞ്ഞത് കൗതുകവും പ്രതീക്ഷയും. അന്താരാഷ്ട്ര യുവജന ദിനത്തിൻ്റെ ഭാഗമായി ജില്ലയിലെ ഹയർസെക്കൻഡറി എൻ.എസ്.എസ് വിദ്യാർത്ഥികൾ പ്രത്യേക മീറ്റ് ദി കളക്ടർ പരിപാടിയിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനോട് നേരിട്ട് സംവദിക്കാൻ എത്തിയപ്പോൾ, ഔപചാരികതയ്ക്കപ്പുറം ഒരു സ്നേഹ സംഭാഷണമായിരുന്നു നടന്നത്.

സമൂഹത്തെ സഹാനുഭൂതിയോടെ കാണാനും സാമൂഹിക ഉത്തരവാദിത്വം വർധിപ്പിക്കാനും നാഷണൽ സർവീസ് സ്കീം പോലുള്ള പദ്ധതികളിൽ സജീവമായി പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അഭിപ്രായപെട്ടു. വിദ്യാർത്ഥികളുടെ ഉയർന്ന പഠനലക്ഷ്യങ്ങളെ കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും കളക്ടർ ചോദിച്ചറിഞ്ഞു. തൻ്റെ ജീവിതാനുഭവങ്ങളും യുവജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും കളക്ടർ പങ്കുവെച്ചു. മീറ്റ് ദി കളക്ടർ പരിപാടിയുടെ നാൽപത്തിമൂന്നാമത് അധ്യായമാണ് ഇന്ന് നടന്നത്.

പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിൻ്റെ ‘വാ വായിക്കാം’ പദ്ധതിയ്ക്ക് വിദ്യാർത്ഥികൾ പുസ്തകങ്ങൾ കളക്ടർക്ക് കൈമാറി. എൻ.എസ്.എസ് വിദ്യാർത്ഥികൾ വിവിധ പരിപാടികളിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് പുസ്തകങ്ങൾ വാങ്ങിയത്.

മാർത്തോമാ ജി.എച്ച്.എസ്.എസ്, ഹോളി ഫാമിലി ജി.എച്ച്.എസ്.എസ്, ചാഴൂർ എസ്.എൻ.എം എച്ച്.എസ്.എസ്, പൂങ്കുന്നം ജി.എച്ച്.എസ്.എസ്, തൃശൂർ ജി.എം.ബി.എച്ച്.എസ്.എസ്, വടക്കാഞ്ചേരി ജി.എം.ബി.എച്ച്.എസ്.എസ്, സെന്റ് തോമസ് എച്ച്.എസ്.എസ് തോപ്പ് എന്നീ വിദ്യാലയങ്ങളിലെ എൻ എസ് എസ് വിദ്യാർത്ഥികളാണ് പങ്കെടുത്തത്.

ഹയർസെക്കൻഡറി എൻ.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്ററും അക്കാദമിക് ജോയിൻ്റ് ഡയറക്ടറുമായ ഡോ. എസ്. ഷജിത, ജില്ലാ കോർഡിനേറ്റർ എം.വി. പ്രതീഷ്, പ്രോഗ്രാം ഓഫീസർമാരായ ഷൈനി പ്രവീൺ, സെറീന പി. എഡിസൺ, കെ.ജെ. റൈജി, ഇ.എ. ഷൈനി, കെ. റെജോ ജോസ്, എം.എസ്. ബിനു, പി.പി. പിങ്കി, ടി.ജി. സന്ദീപ് എന്നിവർ പങ്കെടുത്തു..