വയോജനങ്ങൾക്ക് സുരക്ഷയും പിന്തുണയും ഉറപ്പാക്കേണ്ടത് സമൂഹത്തിൻ്റെ കടമ – ഡോ. ആർ. ബിന്ദു
സമൂഹത്തിന് വയോജനങ്ങൾ നൽകിയ അധ്വാനത്തിൻ്റെയും സമയത്തിൻ്റെയും മൂല്യം കൃത്യമായി മനസ്സിലാക്കി, അവരുടെ ജീവിതത്തിൻ്റെ വാർദ്ധക്യ ഘട്ടത്തിൽ എല്ലാ പിന്തുണ സംവിധാനങ്ങളും സുരക്ഷയും പുനരധിവാസവും ഉറപ്പുവരുത്തുക എന്നത് സമൂഹത്തിൻ്റെ കടമയാണ് എന്ന് സാമൂഹ്യനീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സാമൂഹ്യനീതി വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വയോജന ദിനാചരണവും വയോജന സംഗമവും വയോജന സേവാ പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വയോജനങ്ങൾക്ക് സ്വാസ്ഥ്യം നിറഞ്ഞ ജീവിത സാഹചര്യം ഉറപ്പുവരുത്തുന്നതിനുള്ള സാമൂഹ്യപ്രതിബദ്ധത അടിവരയിട്ട് ഉറപ്പിച്ചു കൊണ്ടാണ് സാമൂഹ്യനീതി വകുപ്പ് മുന്നോട്ടുപോകുന്നത്. വയോജനങ്ങൾ അവരുടെ യൗവനകാലത്ത് ആത്മാർത്ഥമായ പരിശ്രമം നടത്തി കുടുംബത്തിനും സമൂഹത്തിനുമായി സേവനം കാഴ്ചവച്ചവരാണ്. അതുകൊണ്ടുതന്നെ അവരുടെ ജീവിതഘട്ടത്തിൽ ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും പരിരക്ഷയും നൽകേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.

ആധുനിക ജീവിതത്തിൻ്റെ തിരക്കിനിടെ വയോജനങ്ങൾ അവഗണന നേരിടുന്നുവെന്നത് ആശങ്കാജനകമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഓരോ മുതിർന്ന പൗരൻ്റെയും വിഷയങ്ങളെ അഭിസംബോധന ചെയ്യാൻ കഴിയുന്ന കൂട്ടായ്മകൾ പ്രാദേശിക തലത്തിൽ രൂപീകരിക്കുന്നത് ഏറെ പ്രധാനമാണെന്നും, വയോജനങ്ങളുടെ കഴിവുകളെയും ജീവിതാനുഭവത്തെയും സമൂഹത്തിൻ്റെ പുനർനിർമ്മാണത്തിന് പ്രയോജനപ്പെടുത്തുന്നതാണ് സാമൂഹ്യനീതി വകുപ്പിൻ്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വയോമിത്രം, വയോരക്ഷ, വയോ പോഷണം, മന്ദഹാസം, ഇ-സഞ്ജീവനി തുടങ്ങി ഒട്ടനവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നു. എന്നാൽ, ഈ പദ്ധതികൾ സജീവമായി മുന്നോട്ടുപോകുമ്പോഴും സമൂഹത്തിൽ നിരവധി വയോജനങ്ങൾ അതിൻ്റെ വിളിപ്പാടകലെയാണ് നിൽക്കുന്നതെന്നത് നിർഭാഗ്യകരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ആ ഗ്യാപ്പ് നികത്താൻ പ്രാദേശിക തലത്തിൽ ശക്തമായ സംവിധാനങ്ങൾ തീർച്ചയായും ഉണ്ടാകണമെന്നും, സാമൂഹ്യനീതി വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്നുനിന്നുകൊണ്ട് കൂടുതൽ പദ്ധതികൾ രൂപപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. വയോജന സൗഹൃദ കേരളം കെട്ടിപ്പടുക്കുന്നതിന് സമൂഹത്തിൻ്റെ കൂട്ടായ്മ അത്യാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
റീജിയണൽ തീയറ്ററിൽ നടന്ന ചടങ്ങിൽ റവന്യൂ ഭവന നിർമാണവകുപ്പ് മന്ത്രി അഡ്വ. കെ രാജൻ അധ്യക്ഷത വഹിച്ചു. കേരളത്തിൻ്റെ ചരിത്രത്തിലാദ്യമായി വയോജന കമ്മീഷൻ രൂപീകരിക്കാൻ മുൻകൈയെടുത്തത് കേരളത്തിലെ വയോജനങ്ങളോടുള്ള
സർക്കാരിൻ്റെ കരുതലിൻ്റെ പ്രതീകമാണ്.വയോജനങ്ങളോട് പെൻഷൻ അവരുടെ കൈകളിൽ എത്തിക്കാൻ ഒരു ഗവൺമെൻ്റ് ഉണ്ട് എന്ന് പ്രഖ്യാപിക്കാൻ കേരളത്തിലെ ഗവൺമെന്റിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതാണ് വയോജനങ്ങൾക്ക് നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട സേവനമെന്നും മന്ത്രി പറഞ്ഞു. ഈ നവംബർ ഒന്നിന് കേരളപ്പിറവിയുടെ സൂര്യൻ പുലരുമ്പോൾ ഒരു അതിദരിദ്ര കുടുംബത്തെ പോലും കണ്ടെത്താൻ പറ്റാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുകയാണെന്നും അതാണ് നവ കേരളത്തിലേക്കുള്ള മാറ്റമാണെന്നും മന്ത്രി അധ്യക്ഷത വഹിച്ചുകൊണ്ട് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വിഎസ് പ്രിൻസ് വിശിഷ്ടാതിഥിയായി. ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ജേതാക്കളായ വിപ്ലവഗായിക പി.കെ മേദിനി, സംസ്ഥാന വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി സംസാരിച്ചു. വയോ സേവ പുരസ്കാരത്തിന് അർഹരായവർക്ക് മന്ത്രി പുരസ്കാരം നൽകി.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ, സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ.അദീല അബ്ദുള്ള, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ.അലി അബ്ദുള്ള, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി മേനോൻ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ്, വകുപ്പ് ഉദ്യോഗസ്ഥർ, തുടങ്ങി ആയിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം ട്രാൻസ്ജെൻഡർമാർ, വിവിധ വയോജന ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർ എന്നിവരുടെ കലാപരിപാടികൾ അരങ്ങേറി.



