റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു
നടത്തറ, പുത്തൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയായൊഴുകുന്ന മണലി പുഴയിൽ ഒരുക്കുന്ന കൈനൂർ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണോദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈൻ ആയി നിർവഹിച്ചു. പദ്ധതിയുടെ ആരംഭം മുതൽ സ്വീകരിച്ച വിവിധ നടപടികളുടെ നാൾവഴികളെ കുറിച്ച് മന്ത്രി പറഞ്ഞു.
2018 ലെ പ്രളയത്തിൻ്റെ കെടുതികൾക്ക് ശേഷം മണലി പുഴയിലെ വെള്ളം നിയന്ത്രിക്കേണ്ടതിൻ്റെ ആവശ്യകത മനസിലാക്കിയാണ് കൈനൂർ ചിറയിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കണമെന്ന തീരുമാനത്തിലെത്തിയതെന്ന് അധ്യക്ഷത വഹിച്ച് സംസാരിക്കവെ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. കൈനൂർ ചിറയിൽ മുങ്ങി മരണങ്ങൾ ഉണ്ടാകുന്നതിൻ്റെ വെളിച്ചത്തിൽ അവിടെ ഇറങ്ങുന്നവർക്ക് സുരക്ഷ ഒരുക്കേണ്ടതിൻ്റെയും പുഴ വൃത്തിയാക്കേണ്ടതിൻ്റെയും ആവശ്യകതയെക്കുറിച്ചും മന്ത്രി സംസാരിച്ചു.
മണലിപ്പുഴയ്ക്ക് കുറുകെ കൈനൂരിൽ പത്ത് കോടി രൂപ ചെലവഴിച്ചാണ് യന്ത്രവൽകൃത ഷട്ടറുകളോട് കൂടിയ റെഗുലേറ്ററും, വാഹന ഗതാഗതത്തിനുള്ള പാലവും ഉൾപ്പെടുന്ന കൈനൂർ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്നത്. 10 മീറ്റർ നീളവും 2.7 മീറ്റർ ഉയരവുമുള്ള നാല് യന്ത്രവത്കൃത ഷട്ടറുകൾ ഉൾപ്പെടെ മണലിപ്പുഴയുടെ കുറുകെ വരുന്ന 46 മീറ്റർ നീളത്തിൽ റെഗുലേറ്റർ നിർമ്മിക്കുന്നതോടെ പ്രദേശത്തെ ജല ക്രമീകരണം വേഗത്തിൽ നിയന്ത്രിക്കാനും കൈനൂർ പ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനും പ്രധാനപ്പെട്ട ഒരു ചുവടുവെപ്പാണ്. നാട്ടുകാരുടെ വളരെ കാലത്തെ ആഗ്രഹ പൂർത്തികരണം കൂടിയാണ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണം.
മൂർക്കനീക്കര ഗവ. യു പി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. എസ് പ്രിൻസ് വിശിഷ്ടാതിഥിയായി. തൃശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ പി. സിനി റിപ്പോർട്ട് അവതരിപ്പിച്ചു.
നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീവിദ്യ രാജേഷ് സ്വാഗതവും പീച്ചി ഹെഡ് വർക്സ് സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. അരുൺ ലാൽ നന്ദിയും പറഞ്ഞു. പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രഡിഡണ്ട് മിനി ഉണ്ണികൃഷ്ണൻ, ജില്ലാപഞ്ചായത്തംഗം കെ. വി സജു, നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി. ആർ രജിത്ത്, നടത്തറ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഇ. എൻ. സീതാലക്ഷ്മി, പി. കെ അഭിലാഷ്, ജിയ ഗിഫ്റ്റൻ, പുത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. എസ്. സജിത്ത്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം ടി. കെ. അമൽറാം, പുത്തൂർ ഗ്രാമപഞ്ചായത്തംഗം പി. ബി. സുരേന്ദ്രൻ, നടത്തറ ഗ്രാമപഞ്ചായത്തംഗം കെ. ജെ ജയൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ടി. ദിലീപ്കുമാർ, ജോയ് അനിക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.



