മൾട്ടി പർപ്പസ് സ്പോർട്സ് ഇൻഡോർ ഹാൾ നിർമാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു
അടാട്ട് ഗ്രാമപഞ്ചായത്ത് ചിറ്റിലപ്പിള്ളി ഗ്രൗണ്ടിൽ ഒരുങ്ങുന്ന മൾട്ടിപർപ്പസ് സ്പോർട്സ് ഇൻഡോർ ഹാളിൻ്റെ നിർമാണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു.
എല്ലാ ഗ്രാമപഞ്ചായത്തുകളിലും കളിക്കളങ്ങൾ നിർമിക്കുക എന്ന സർക്കാരിൻ്റെ പ്രഖ്യാപിത നയത്തിൻ്റെ ഭാഗമായ ലക്ഷ്യത്തിലേക്ക് നമ്മൾ കടക്കുകയാണ്. സംസ്ഥാനത്തെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും കളിക്കളങ്ങൾ ഒരുങ്ങിയതായും ബാക്കിയുള്ളവയുടെ പ്രവർത്തനങ്ങൾ ഈ സർക്കാരിൻ്റെ കാലത്ത് തന്നെ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായും മന്ത്രി പറഞ്ഞു. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ എല്ലാ ഗ്രാമപഞ്ചായത്തുകളിലും കളിക്കളങ്ങൾ ഒരുങ്ങുകയാണെന്നും ചില ഗ്രാമപഞ്ചായത്തുകളിൽ ഒന്നിലധികം കളിക്കളങ്ങളിലേക്ക് പദ്ധതി നീണ്ടുപോകുന്നതായും അത് തന്നെയാണ് വിദ്യാർത്ഥികളും യുവജനങ്ങളും ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ കായിക മേഖലയിൽ ഏകദേശം 200 കോടിയോളം രൂപ വരുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കഴിഞ്ഞെന്നും അതിൽ സ്വിമ്മിങ് പൂൾ അടക്കമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോട് കൂടി ഒന്നാം ഘട്ട നിർമാണം പൂർത്തീകരിച്ച ലാലൂർ ഐ എം വിജയൻ ഇൻഡോർ സ്റ്റേഡിയത്തിൻ്റെ ഉടനെ കായിക താരങ്ങൾക്ക് തുറന്ന് നൽകുമെന്നും മന്ത്രി പറഞ്ഞു. കുന്നംകുളം സ്പോർട്സ് സ്കൂളിൽ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 20 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായും മന്ത്രി സൂചിപ്പിച്ചു. കുന്നംകുളം സ്പോർട്സ് സ്കൂളിൽ പുതിയ ഹോസ്റ്റൽ നിർമാണം നടന്നു കൊണ്ടിരിക്കുകയാണെന്നും ജില്ലയിലെ ഏറ്റവും മികച്ച സിന്തറ്റിക് ട്രാക്ക് കുന്നംകുളത്തെ വിദ്യാലയത്തിൽ സ്ഥാപിച്ച ശേഷം കായിക രംഗത്ത് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നും അത് കൊണ്ട് ഉണ്ടായ മാറ്റം അവിടത്തെ കായിക താരങ്ങളുടെ സംസ്ഥാന തല അത്ലറ്റിക് മീറ്റിലെ പ്രകടനത്തിലൂടെ തന്നെ കാണാനുണ്ടെന്നും മന്ത്രി കൂട്ടുചേർത്തു. ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി 40 ശതമാനം സംസ്ഥാന വിഹിതത്തോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഒരുക്കുന്ന സിന്തറ്റിക് ട്രാക്കിൻ്റെ നിർമാണം അടുത്ത മാസം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് കളിക്കളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 15 പഞ്ചായത്ത് കളിക്കളങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുന്നതായും മന്ത്രി പറഞ്ഞു. കായിക രംഗത്ത് ജില്ലയിൽ നടന്നു വരുന്ന മറ്റ് വികസന പ്രവർത്തനങ്ങളെ കുറിച്ചും മന്ത്രി സംസാരിച്ചു.
പൊതുജനങ്ങളുടെ കായികക്ഷമത ഉയർത്തുന്നതിന് ഉതകുന്ന പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി ഗ്രാമീണ ജനങ്ങളുടെ കായികക്ഷമത ഉറപ്പുവരുത്തുകയും അതോടൊപ്പം തന്നെ ഉന്നത നിലവാരത്തിലുള്ള ആധുനിക കളിക്കളങ്ങൾ നിർമ്മിച്ചുകൊണ്ട് ദേശീയ അന്തർദേശീയ മത്സരങ്ങളിൽ കഴിവ് തെളിയിക്കുന്നതിന് കായിക താരങ്ങളെ പ്രാപ്തരാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
സംസ്ഥാന ബഡ്ജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയാണ് മൾട്ടിപർപ്പസ് സ്പോർട്സ് ഇൻഡോർ ഹാളിൻ്റെ നിർമാണം നടത്തുന്നത്. പുതുതലമുറയിലെ വ്യാപകമായ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുവാൻ കഴിയുന്ന തരത്തിൽ അടാട്ട് പഞ്ചായത്തിലെ ചിറ്റിലപ്പിള്ളി ഗ്രൗണ്ടിൽ 18 ലക്ഷം രൂപയും പഞ്ചായത്തിലെ തന്നെ ഉടലക്കാവ് ഗ്രൗണ്ടിൽ 13 ലക്ഷം രൂപയും ചെലവാക്കി നവീകരണം പൂർത്തീകരിച്ചു.
ചിറ്റിലപ്പിള്ളി ഗ്രൗണ്ട് പരിസരത്ത് നടന്ന ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ലിനി ടീച്ചർ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീല രാമകൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായി.
സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സി. എഞ്ചിനീയർ മുഹമ്മദ് അഷ്റഫ് പദ്ധതി വിശദീകരണം നടത്തി. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിമി അജിത്കുമാർ സ്വാഗതവും അടാട്ട് ഗ്രാമപഞ്ചായത്ത് അക്കൗണ്ടൻ്റ് നാരായണൻ കുട്ടി നന്ദിയും പറഞ്ഞു.
അടാട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ ശ്രീനിവാസൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീഷ്മ അഭിലാഷ്, ബ്ലോക്ക് പഞ്ചായത്തംഗം വി.എസ് ശിവരാമൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സോണി തരകൻ, വി.എൻ മോഹിനി, ബിനിത തോമസ്, മിനി സൈമൺ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.എസ്. സുഭാഷ്, കെ.കെ. ചന്ദ്രൻ, പി. പി പ്രിയൻ തുടങ്ങിയവർ സംസാരിച്ചു.



