തളിക്കുളം ബ്ലോക്കിൽ ഒരു ലക്ഷം പച്ചക്കറി തൈകൾ വിതരണം ചെയ്തു
തളിക്കുളം: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2025-26 പ്രകാരം കൃഷി സമൃദ്ധി വനിതാ ഗ്രൂപ്പ് പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം പച്ചക്കറി തൈകൾ വിതരണം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലായി നൂറോളം വനിതാ ഗ്രൂപ്പുകൾക്കാണ് പച്ചക്കറി തൈകൾ വിതരണം ചെയ്തത്. പച്ചക്കറി തൈകളും കൃഷി ചെലവും ഉൾപ്പെടെ ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്. ഇതിലൂടെ പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്ന ബ്ലോക്ക് പഞ്ചായത്തായി തളിക്കുളത്തെ മാറ്റുക എന്നതും സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ഗുണമേന്മയുള്ള സങ്കരയിനം പച്ചക്കറി തൈകളായ പയർ, ചീര മുളക്, വെണ്ട തക്കാളി എന്നിവ വിതരണം ചെയ്തു. ചടങ്ങിൽ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ കെ.സി റെയ്ഹാന പദ്ധതി വിശദീകരണം നടത്തി. നാട്ടിക കൃഷി ഓഫീസർ എൻ.വി ശുഭ, ഏങ്ങണ്ടിയൂർ കൃഷി ഓഫീസർ ചിഞ്ചു പി. ബാബു, കൃഷി അസിസ്റ്റൻ്റുമാരായ കെ. ആർ ശ്രീന, കെ.എസ് ശബരീഷ്, എം.എസ് കൃഷ്ണനന്ദ്, കെ.എ ആതിര, സിനി തോമസ്, സി.എസ് സയന, എം.എം ഹസീബ് എന്നിവർ പങ്കെടുത്തു.



