മികച്ച ചെമ്മീൻ കർഷകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം ഷൈൻ ഭാസ്ക്കരന്.
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച ചെമ്മീൻ കർഷകനുള്ള സംസ്ഥാന പുരസ്‌കാരത്തിന് തൃശൂർ ജില്ലയിൽ തൃപ്രയാറിൽ നിന്നുള്ള ഷൈൻ ഭാസ്ക്കരൻ അർഹനായി. സംസ്ഥാന ജലസേചന വകുപ്പ് അക്വാ മിഷനുമായി സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനത്തെ കർഷക അവാർഡുകളുടെ ഭാഗമായാണ് മികച്ച ചെമ്മീൻ കർഷകനെ തിരഞ്ഞെടുത്തത്.
കൃഷി രീതിയിലെ മികവ്, ഉത്പാദനക്ഷമത, ലാഭക്ഷമത, പരിസ്ഥിതി സൗഹൃദ സമീപനം, രോഗപ്രതിരോധ നടപടികൾ, സാങ്കേതിക വിദ്യയുടെ ഉപയോഗം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മാനദണ്ഡങ്ങൾ വിലയിരുത്തിയുള്ള കേരളത്തിലെ മത്സ്യവികസന ഓഫീസർമാരുടെ റിപ്പോർട്ടും ജില്ലാതല സമിതികളുടെ ശുപാർശകളും പരിഗണിച്ചാണ് ഷൈൻ ഭാസ്കരനെ സംസ്ഥാനത്തെ മികച്ച ചെമ്മീൻ കർഷകനായി തിരഞ്ഞെടുത്തത്.
അഭിഭാഷകനും ഹോട്ടൽ വ്യവസായിയുമായ ഷൈൻ ബിസിനസ്സിനും ലാഭത്തിനുമപ്പുറത്ത് കൃഷിയോടും പ്രകൃതിയോടുമുള്ള ഇഷ്ടം മൂലമാണ് ആദ്യമായി കൊടുങ്ങല്ലൂരിൽ ചെമ്മീൻ കൃഷി ആരംഭിച്ചത്. തുടക്കത്തിൽ നിരവധി പ്രതിസന്ധികളെ നേരിടേണ്ടി വന്നെങ്കിലും നൂതനമായ എല്ലാ സാങ്കേതിക വിദ്യകളും പ്രവർത്തികമാക്കി ഷൈൻ തടസ്സങ്ങളെയെല്ലാം മറി കടന്ന് വിജയം വരിച്ചു വെന്ന് മാത്രമല്ല, ഈ രംഗത്ത് സംസ്ഥാനത്തെ ഏറ്റവും മികച്ച ഫിഷ് ഫാമാക്കി തൻ്റെ ഫാമിനെ വളർത്തി.
2014ൽ ആഗോള യുവ ജന സംഘടനയായ ജൂനിയർ ചേമ്പറിൻ്റെ അന്താരാഷ്ട്ര അധ്യക്ഷനായും ഷൈൻ ഭാസ്ക്‌കരൻ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാട്ടികയിൽ തൻ്റെവീടിനോട് ചേർന്നുള്ള പുരയിടത്തിലും ഷൈൻ നിരവധി ഫല-വൃക്ഷങ്ങളുടെ മനോഹരമായ തോട്ടം വളർത്തിയെടുത്തിട്ടുണ്ട്.
കർഷക ദിനത്തിൽ കൊല്ലത്തു വെച്ച് അവാർഡ് സമർപ്പിക്കും.



