പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി: അപേക്ഷകൾ ക്ഷണിച്ചു
വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രത്യേക പ്രോത്സാഹനമായി ക്യാഷ് അവാർഡ് നൽകുന്ന ‘സ്പെഷ്യൽ ഇൻസെന്റീവ് സ്കീം’ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2026-27 വർഷത്തെ ഒന്നാം ഘട്ട അപേക്ഷകൾ ഈഗ്രാന്റ്സ് പോർട്ടൽ മുഖേന സമർപ്പിക്കണം. 2025-26 അധ്യയന വർഷത്തിൽ പരീക്ഷ പാസായ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും സ്കോളർഷിപ്പ് അനുവദിക്കുക. സംസ്ഥാനത്തിനകത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലും എം.ആർ.എസുകളിലും സ്റ്റേറ്റ് സിലബസിൽ പത്താം ക്ലാസ്, പ്ലസ് ടൂ പഠിച്ചവർക്കാണ് ആനുകൂല്യത്തിന് അർഹതയുള്ളത്. കൂടാതെ രണ്ട് വർഷം കാലാവധിയുള്ളതും എ.ഐ.സി ടി.ഇ/ എൻ. ബി. ഇ. ആർ അംഗീകാരമുള്ള റഗുലർ മെട്രിക് ഡിപ്ലോമ കോഴ്സുകൾക്കും ഈ ആനുകൂല്യം ലഭിക്കും. പ്രത്യേകമായി പരാമർശിച്ചവ ഒഴികെ സംസ്ഥാനത്തിനകത്തുള്ള മറ്റെല്ലാ കോഴ്സുകൾക്കും ഈഗ്രാന്റ്സ് മാനദണ്ഡ പ്രകാരം സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കണം.
മാർക്കും ഗ്രേഡും ഒന്നിച്ച് രേഖപ്പെടുത്തിയിട്ടുള്ള സർട്ടിഫിക്കറ്റുകളിൽ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അർഹത നിർണയിക്കുന്നത്. ഇതോടൊപ്പം അസൽ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് അപ്‌ലോഡ് ചെയ്യണം. Egrantz3.0 സൈറ്റിൽ ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിച്ചതിന് ശേഷം, അപേക്ഷയുടെ ഹാർഡ് കോപ്പി, ജാതി സർട്ടിഫിക്കറ്റ്, ഒറിജിനൽ മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപറേഷൻ പട്ടികജാതി വികസന ഓഫീസിൽ ഹാജരാക്കണം. ആഗസ്റ്റ് 15 വരെ അപേക്ഷകൾ സമർപ്പിക്കാം. നിശ്ചിത തിയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപറേഷൻ പട്ടികജാതി വികസന ഓഫീസുമായോ, തൃശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: 0487 2360381.



