THRISSUR

ഇരിങ്ങാലക്കുടയിൽ സപ്ലൈകോ ഓണച്ചന്ത തുടങ്ങി

മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തുന്ന ഇരിങ്ങാലക്കുട സപ്ലൈകോ ഓണച്ചന്ത ഉന്നത വിദ്യാഭ്യാസ–സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ അധ്യക്ഷത വഹിച്ചു.

ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്ന ഏറ്റവും മികച്ച പൊതുവിതരണ സംവിധാനമുള്ള ഏക സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും ഓണച്ചന്തകൾ ഒരുക്കാൻ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു. സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ എം.ആർ.പി.യെക്കാൾ കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാണ്. 18 ഇനങ്ങൾ ഉൾക്കൊള്ളുന്ന ‘സമൃദ്ധി കിറ്റ്’ ഇത്തവണത്തെ ഓണച്ചന്തയുടെ പ്രധാന ആകർഷണമാണെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോ ഡിപ്പോ അസിസ്റ്റൻ്റ് മാനേജർ പ്രിയ സി. ശങ്കരൻ, റേഷൻ ഇൻസ്പെക്ടർ വി.ജി. ബിനിജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.എ. റിയാസുദ്ദീൻ, ടി.കെ. വർഗീസ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.