THRISSUR

ഉയരെ ക്യാമ്പ്; ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

ചാലക്കുടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന ‘ഉയരെ’ റെസിഡന്‍ഷ്യല്‍ ക്യാമ്പ് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ്, തൃശ്ശൂര്‍ ജില്ലാ ഭരണകൂടം, ഇന്‍സൈറ്റ് ഫോര്‍ ഇന്നവേഷന്‍ എന്നിവര്‍ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികളുമായി നേരിട്ട് സംവദിച്ച കളക്ടര്‍ പഠനത്തിനപ്പുറം വ്യക്തിത്വ വികസനത്തിനും സാമൂഹിക ഇടപെടലിനും പ്രാധാന്യം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു.

ജില്ലയിലെ തീരദേശ, ട്രൈബല്‍ മേഖലകളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. ജില്ലയിലെ 11 സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുത്ത 35 വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ഇരുപത് ദിവസത്തെ ക്യാമ്പിൻ്റെ ആദ്യഘട്ടമായ അഞ്ചുദിവസത്തെ ക്യാമ്പ് സെപ്റ്റംബര്‍ മൂന്നിന് അവസാനിക്കും. കുട്ടികളുടെ നേതൃത്വപാടവം, ടീംവര്‍ക്ക്, വ്യക്തിത്വവികസനം എന്നിവ വളര്‍ത്തുകയാണ് പ്രധാന ലക്ഷ്യം. ഇതിന് പുറമെ കലാ-കായിക മേഖല, നൂതന സാങ്കേതികവിദ്യ എന്നിവയെക്കുറിച്ചുള്ള ക്ലാസുകളും ലഭിക്കും.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, സെൻ്റ് ജോസഫ് കോളേജ്, ആലത്തൂര്‍ എസ്.എന്‍. കോളേജ് എന്നിവിടങ്ങളിലെ എന്‍.എസ്.എസ്. വോളണ്ടിയര്‍മാരും ക്യാമ്പില്‍ പങ്കെടുത്തു. ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഓഫീസര്‍ പി. മീര, ട്രൈബല്‍ ഡെവലപ്‌മെൻ്റ് ഓഫീസര്‍ എം. ശശി, എം.ആര്‍.എസ്. സൂപ്രണ്ട് കെ.എന്‍. മൃദുല, ഹെഡ്മാസ്റ്റര്‍ കെ.ബി. ബെന്നി, മാനേജര്‍ സവിത, ഇന്‍സൈറ്റ് ഫോര്‍ ഇന്നവേഷന്‍ ഫൗണ്ടര്‍ ആന്‍ഡ് സി.ഇ.ഒ. ഹേമ ഗോപാലകൃഷ്ണന്‍ എന്നിവര്‍ കളക്ടറോടൊപ്പം സന്ദര്‍ശനത്തില്‍ പങ്കുചേര്‍ന്നു.