THRISSUR

ഓണസമൃദ്ധി കര്‍ഷകച്ചന്ത തുടങ്ങി

കൈപ്പറമ്പ് ഗ്രാമപഞ്ചായത്തും കൈപ്പറമ്പ് കൃഷിഭവനും കുടുംബശ്രീയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ഓണസമൃദ്ധി 2025’ കര്‍ഷകച്ചന്തയ്ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ഉഷ ടീച്ചര്‍ കര്‍ഷകനായ ഔസേപ്പ് തൈക്കാട്ടിലിന് നാടന്‍ നേന്ത്രക്കുല നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.

സെപ്റ്റംബര്‍ നാല് വരെ മുണ്ടുര്‍ നെഹ്രുമണ്ഡപത്തില്‍ നടക്കുന്ന ഓണച്ചന്തയില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികള്‍ക്ക് പത്ത് ശതമാനം അധികവില നല്‍കും. ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് 30 ശതമാനം വരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. ഹോര്‍ട്ടികോര്‍പ്പിൻ്റെയും കര്‍ഷകരുടെയും പച്ചക്കറികള്‍ക്ക് പുറമേ കുടുംബശ്രീയുടെ വിവിധ ഉത്പന്നങ്ങളുടെ സ്റ്റാളുകളും നഴ്‌സറിയും കര്‍ഷകചന്തയോടനുബന്ധിച്ച് പ്രവര്‍ത്തിക്കും.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം. ലെനിന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സിന്ധു പ്രകാശ്, കൃഷി ഓഫീസര്‍ പ്രശാന്ത് അരവിന്ദ്, സി.ഒ. ഔസേപ്പ്, എം.കെ. ശശി, സുഷിത ബാനിഷ്, മിനി പുഷ്‌കരന്‍, സ്‌നേഹ സജിമോന്‍, പ്രമീള സുബ്രഹ്മണ്യന്‍, ബീന ബാബുരാജ് എന്നിവര്‍ സംസാരിച്ചു. കൃഷി അസിസ്റ്റന്റുമാരായ രജീഷ്, അമ്പിളി, ജിജി, പുഷ്പ, കുടുംബശ്രീ സി.ഡി.എസ്. അംഗങ്ങള്‍, എ.ഡി.സി. അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.