THRISSUR

മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

മാടക്കത്തറ: മാടക്കത്തറ ഗ്രാമപഞ്ചായത്ത് അക്കരപ്പുറം ചിറ റോഡ്, പടിഞ്ഞാറെ വെള്ളാനിക്കര ഒൻപതാം നമ്പർ അങ്കണവാടി, പീലിമൂല കുടിവെള്ള പദ്ധതി എന്നിവയുടെ ഉദ്ഘാടനം റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര മോഹനൻ അധ്യക്ഷത വഹിച്ചു.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് അക്കരപ്പുറം ചിറ റോഡ് നിർമ്മിച്ചത്. എം എൽ എ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 26 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ട് അഞ്ച് ലക്ഷം രൂപയും ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതി നിർമാണം പൂർത്തിയാക്കിയത്. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് പടിഞ്ഞാറെ വെള്ളാനിക്കര സ്മാർട്ട് അംഗനവാടി കെട്ടിടം നിർമ്മിച്ചത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സണ്ണി ചെന്നിക്കര, ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ. വി പുഷ്പൻ, മിഥുൻ, തുളസി സുരേഷ്, ഒല്ലൂക്കര ബ്ലോക്ക് സി ഡി പി ഒ കെ. എൽ രമ, ഐ സി ഡി എസ് സൂപ്പർവൈസർ നിത്തു ത്യാഗരാജ്,അസിസ്റ്റൻ്റ് എഞ്ചിനിയർ സുജയ, ഓവർസിയർ രജനി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.