THRISSUR

ഉത്സവമേളമൊരുക്കി ചാവക്കാട്ടെ ‘തീരപ്പെരുമ’

കടൽത്തീരത്തെ തഴുകിയെത്തിയ ഓണക്കാറ്റിൽ താളവും സംഗീതവും അലിഞ്ഞുചേർന്ന്, ചാവക്കാട് ഒരുക്കിയ ‘തീരപ്പെരുമ’ ഓണാഘോഷത്തിന് പ്രൗഢമായ കൊടിയിറക്കം. ചാവക്കാട് നഗരസഭയും ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ഓണാഘോഷം വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികളാൽ സമ്പന്നമായി.

സിതാര കൃഷ്ണകുമാർ നയിച്ച ‘മലബാറിക്കസ്’ സംഗീത ബാൻഡിൻ്റെ പ്രകടനവും പ്രശസ്ത ഗസൽ ഗായകൻ സിറാജ് അമലിൻ്റെ സംഗീത വിരുന്നും ആസ്വാദകരുടെ കണ്ണുകൾക്കും കാതുകൾക്കും വിരുന്നേകി .

പ്രാദേശിക കലാകാരന്മാർ അണിനിരന്ന ഓണക്കളികളും മറ്റു കലാപരിപാടികളും തീരപ്പെരുമയുടെ മാറ്റുകൂട്ടി.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയിൽ പഞ്ചവാദ്യം, നാദസ്വരം, കളരിപ്പയറ്റ്, കാവടി തുടങ്ങിയ കലാരൂപങ്ങൾ അകമ്പടിയേകി.

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ എൻ.കെ. അക്ബർ എം.എൽ.എ., നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, മുൻ ചെയർമാൻ എം. കൃഷ്ണദാസ്, നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക്, വാർഡ് കൗൺസിലർ പി.കെ. കബീർ എന്നിവർക്കൊപ്പം ഡി.എം.സി. അംഗങ്ങൾ, ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, വിവിധ ക്ലബ്ബുകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു.