THRISSUR

തൃശൂരിൻ്റെ മനുഷ്യപുലികളെ അടുത്തറിഞ്ഞ് അന്താരാഷ്ട്ര ഉത്തരവാദിത്ത വിനോദ സഞ്ചാരി സംഘം

പുലിയൊരുക്കം കണ്ട് അത്ഭുതം

തൃശൂർ: മെയ്യെഴുതി, പുലികളായി രൗദ്ര താളത്തിൽ ചുവടുവച്ച് ജനങ്ങളെ ആവേശത്തിലാക്കുന്ന ‘മനുഷ്യപ്പുലി’ക്കൂട്ടങ്ങളെ കണ്ട് വിസ്മയത്തിലായി അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം നേതാക്കൾ.
10 രാജ്യങ്ങളിൽ നിന്നും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സംഘമാണ് കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ തൃശൂരിൽ ശ്രീജീവം ഉത്തരവാദിത്ത ടൂറിസം മിഷൻ ക്ളബിൻ്റെസംഘാടനത്തിൽ തൃശൂരിൻ്റെ സ്വന്തം പുലിക്കളി മഹോത്സവം ആസ്വദിച്ചത്. യു.കെ, ഫ്രാൻസ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം, തായ്‌വാൻ, നേപ്പാൾ, ശ്രീലങ്ക, റൊമാനിയ എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഉത്തരവാദിത്ത ടൂറിസം നേതാക്കൾ, അക്കാദമിഷ്യൻമാർ, ടൂർ ഓപറേറ്റർമാർ എന്നിവരാണ് തൃശൂരിലെ പുലിക്കളി മഹോത്സവം കാണാനെത്തിയിരുന്നത് . ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ നിർദ്ദേശാനുസരണമാണ് കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
പുലിക്കളിയെ നേരിട്ടറിയുകയും ലോകത്തിന് പരിചയപ്പെടുത്തുകയുമെന്ന സന്ദർശന ലക്ഷ്യം പൂർണമായും സാധ്യമായെന്ന് സംഘംഗങ്ങളും വിദേശ പ്രതിനിധി സംഘത്തെ കോ-ഓർഡിനേറ്റ് ചെയ്ത് കൂടെയുണ്ടായിരുന്ന കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സി.ഇ.ഓ കെ. രൂപേഷ്കുമാറും പറഞ്ഞു.

രാവിലെ സീതാറാംമിൽ ലൈൻ ദേശത്തെത്തിയ സംഘത്തിന് സംഘാടകരുടെ നേതൃത്വത്തിൽ വൻ വരവേൽപ്പ് ആണ് ഒരുക്കിയിരുന്നത്. ഇളനീർ കുടിച്ച് ആസ്വദിച്ച സംഘം മെയ്യെഴുത്തും പുലിയൊരുക്കവും കണ്ടറിഞ്ഞു. പ്രത്യേക മേളത്തിന് ചുവടുവച്ച് ചിലർ പുലികളായും മാറി. പുലികളായി വേഷമിടുന്നവരും സംഘാടകരുമായും വിദേശി സംഘം സംവദിച്ചു. ശ്രീജീവം ഉത്തരവാദിത്ത ടൂറിസം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘത്തിന് സ്വീകരണം നൽകി. തിരുവാതിര പാട്ടും നാടൻ ഭക്ഷണവും സംഘം ആസ്വദിച്ചു. പ്രതിനിധികൾക്ക് ശ്രീജീവം ഉത്തരവാദിത്ത ടൂറിസം ക്ലബ്ബിൻ്റെ ഉപഹാരം തൃശൂർ പെരുമയെ കടൽകടത്തിയ പൂരത്തിൽ ആനയഴകിന് സൗന്ദര്യം ചാർത്തുന്ന നെറ്റിപ്പട്ടങ്ങൾ ഉത്തരവാദിത്ത ടൂറിസം മിഷൻ സി.ഇ.ഓ കെ.രൂപേഷ്കുമാർ സമ്മാനിച്ചു.

സ്വരാജ് റൗണ്ടിലെ പുലിയിറക്കത്തിൻ്റെ ആവേശം ഹൃദയത്തിലേറ്റിയാണ് സംഘം മടങ്ങിയത്. ഇതാദ്യമായാണ് ഇത്രയധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘം കേരളത്തിൽ ഓണവും പുലികളിയും കാണാനെത്തുന്നത്.