THRISSUR

കുടിശ്ശിക നിവാരണ ക്യാമ്പ്: വാഹന പ്രചരണ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു

തൃശ്ശൂർ: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കുടിശ്ശിക നിവാരണ ക്യാമ്പുകളുടെ പ്രചാരണാർത്ഥം ജില്ലയിൽ സംഘടിപ്പിച്ച വാഹന പ്രചരണ യാത്രയുടെ ഫ്ലാഗ് ഓഫ് തേക്കിൻകാട് മൈതാനത്ത് ബോർഡ് ഡയറക്ടർ കെ.ജെ സ്റ്റാലിൻ നിർവഹിച്ചു. പത്തുവർഷം വരെ കുടിശ്ശിക വരുത്തിയിട്ടുള്ള തൊഴിലാളികൾക്ക് കുടിശ്ശിക അടയ്ക്കുന്നതിനുള്ള അവസരമാണ് ഇതെന്ന് കെ.ജെ സ്റ്റാലിൻ പറഞ്ഞു. കൂടാതെ നിലവിൽ കുടിശ്ശിക വരുത്തിയ ഉടമകൾക്കും തൊഴിലാളികൾക്കും നാലു ഗഡുക്കളായി കുടിശ്ശിക അടയ്ക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. അംഗത്വം നഷ്ടപ്പെടാതിരിക്കാനും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടാതിരിക്കാനും ഈ അവസരം എല്ലാ തൊഴിലാളികളും വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഉപദേശക സമിതി അംഗം പി.കെ പുഷ്പാകരൻ അധ്യക്ഷത വഹിച്ചു. ഉപദേശ സമിതി അംഗങ്ങളായ കെ.കെ ഹരിദാസ്, എ.ടി ജോസ്, കെ ഹരിഷ്, കെ.പി സണ്ണി, സെബി വർഗ്ഗീസ്, പി.എ സിദ്ദിക്ക്, ജയൻ കോലാരി, എ.എം ജനാർദനൻ എന്നിവർ സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി.ആർ സതീഷ് കുമാർ സ്വാഗതവും ജൂനിയർ സൂപ്രണ്ട് എം പ്രമോദ് നന്ദിയും പറഞ്ഞു. കുടിശ്ശിക നിവാരണ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് ഒക്ടോബർ മൂന്നിന് നിർവഹിക്കും.