THRISSUR

കയ്പ്പമംഗലം ഗ്രാമപഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രത്തിത്തിന് പുതു ജീവൻ

കയ്പ്പമംഗലം: കയ്പ്പമംഗലം ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് ആശ്രയമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് പ്രൗഢിയോടെ പുതുജീവനേകി സർക്കാർ. ഇ.ടി ടൈസൺ മാസ്റ്റർ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 42 ലക്ഷം രൂപ വിനിയോഗിച്ചാണ് ജനകീയ ആരോഗ്യ കേന്ദ്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്. 1600 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിൽ ഡോക്ടേഴ്സ് റൂം, നഴ്സിംഗ് റൂം, പ്രതിരോധ വാക്സിനുകൾ നൽകുന്നതിനുള്ള സൗകര്യം, പ്രാഥമിക ചികിത്സാ സൗകര്യം ഉൾപ്പെടെ അവശ്യസേവനങ്ങൾ നൽകുവാൻ കഴിയുന്ന വിധത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. 58 വർഷത്തോളം പഴക്കത്തോടെ ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡായ കൂരിക്കുഴിയിൽ നിലകൊള്ളുന്ന ആരോഗ്യ കേന്ദ്രമാണ് പുതിയ രൂപഭാവത്തിൽ നിർമ്മാണം പൂർത്തീകരിച്ച് ജനങ്ങൾക്ക് സമർപ്പിക്കുന്നത്. ആറ് പതിറ്റാണ്ടോളം പഴക്കമുള്ളതിനാൽ ജീർണാവസ്ഥയിലായിരുന്നു കെട്ടിടം. ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികളുടെ ആവശ്യപ്രകാരമാണ് കെട്ടിടം നവീകരിച്ചത്.