THRISSUR

കോട്ടപ്പുറം കായലിൽ ഇനി വള്ളംകളിയുടെ ആരവം

തൃശ്ശൂർ: ടൂറിസം വകുപ്പിൻ്റെ കീഴിലുള്ള ചാമ്പ്യൻസ് ബോട്ട് ലീഗ്‌ വള്ളംകളിക്ക് ഒക്ടോബർ 25 ന് കോട്ടപ്പുറം കായൽ വേദിയാകും. ചാമ്പ്യൻസ് ബോട്ട് ലീഗ് 2025 വള്ളംകളിയുടെ വിജയകരമായി നടത്തിപ്പിന് രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടേയും സഹായസഹകരണങ്ങൾ ഉണ്ടാവണമെന്ന് അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ പറഞ്ഞു. നെഹ്റു ട്രോഫി ജേതാക്കളായ ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. കൈനകരി വില്ലേജ് ബോട്ട് ക്ലബിൻ്റെ വീയ്യപുരം, പുന്നമട ബോട്ട് ക്ലബിൻ്റെ നടുഭാഗം, പള്ളാത്തുരുത്തി ബോട്ട് ക്ലബിൻ്റെ മേൽപാടം, നിരണം ബോട്ട് ക്ലബിൻ്റെ നിരണം, കുമരകം ടൗൺ ബോട്ട് ക്ലബിൻ്റെ പായിപ്പാടൻ, ഇമാനുവൽ ബോട്ട് ക്ലബിന്റെ നടുവിലേപറമ്പൻ, കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബിൻ്റെ കാരിച്ചാൽ, മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബിൻ്റെ ചെറുതന, ചങ്ങനാശ്ശേരി ബോട്ട് ക്ലബിൻ്റെ ചമ്പക്കുളം എന്നീ ചുണ്ടൻ വള്ളങ്ങളാണ് കോട്ടപ്പുറം ജലോത്സവത്തിൽ തുഴയെറിയാനെത്തുക.വള്ളംകളിയുടെ വിജയകരമായ നടത്തിപ്പിനായി അഡ്വ വി ആർ സുനിൽ കുമാർ എം എൽ എ ചെയർമാനായും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കൺവീനറായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.