THRISSUR

തദ്ദേശസ്ഥാപന വാര്‍ഡ് സംവരണം: നറുക്കെടുപ്പ് തിയതി വിജ്ഞാപനമായി

തൃശ്ശൂർ: പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിന് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തി തിയതി, സമയം, സ്ഥലം എന്നിവ നിശ്ചയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ്ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗ്ഗം എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ളത്രയും എണ്ണം സ്ഥാനങ്ങള്‍ ആവര്‍ത്തനക്രമമനുസരിച്ച് ഏത് നിയോജകമണ്ഡലങ്ങള്‍, വാര്‍ഡുകള്‍ക്കാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കുന്നതിനാണ് നറുക്കെടുപ്പ് നടത്തുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംവരണം നിശ്ചയിക്കുന്നതിന് അതത് ജില്ലകളിലെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറെയും മുനിസിപ്പല്‍ കൗണ്‍സിലുകളിൽ അതത് തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടര്‍മാരെയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിൽ തദ്ദേശസ്വയംഭരണവകുപ്പ് അര്‍ബന്‍ ഡയറക്ടറെയും അധികാരപ്പെടുത്തിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ് സൈറ്റില്‍ (www.sec.kerala.gov.in) ലഭിക്കും.

ഗ്രാമപഞ്ചായത്തുകളിലേക്ക് ഒക്ടോബര്‍ 13 മുതല്‍ 16 വരെയാണ് നറുക്കെടുപ്പ്. വിജ്ഞാപനം ചെയ്തിട്ടുള്ള തിയതികളില്‍ രാവിലെ 10 ന് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ നറുക്കെടുപ്പ് നടക്കും. ബ്ലോക്ക്‌ പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 18 നും, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 21 നും രാവിലെ 10 ന് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഒക്ടോബര്‍ 17ന് രാവിലെ 11.30 ന് തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ നറുക്കെടുപ്പും, ഒക്ടോബര്‍ 16 ന് മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കുള്ള വാര്‍ഡ് സംവരണത്തിനുള്ള നറുക്കെടുപ്പും കളക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ നടത്തും.സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്കുകളായ ചാവക്കാട്, വടക്കാഞ്ചേരി, പുഴക്കൽ, മാള എന്നിവിടങ്ങളിൽ ഒക്ടോബർ 13നും, ചൊവ്വന്നൂർ, മുല്ലശ്ശേരി, പഴയന്നൂർ, കൊടകര, ബ്ലോക്കുകളിൽ ഒക്ടോബർ 14 നും, തളിക്കുളം, ചേർപ്പ്‌, അന്തിക്കാട്, ഇരിങ്ങാലക്കുട ബ്ലോക്കുകളിൽ ഒക്ടോബർ 15നും, വെള്ളാങ്ങല്ലൂർ, ഒല്ലൂക്കര, ചാലക്കുടി, മതിലകം ബ്ലോക്കുകളിൽ ഒക്ടോബർ 16നുമായി ജില്ല കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മണിക്ക് നറുക്കെടുപ്പ് നടത്തും.

One thought on “തദ്ദേശസ്ഥാപന വാര്‍ഡ് സംവരണം: നറുക്കെടുപ്പ് തിയതി വിജ്ഞാപനമായി

Comments are closed.