കേര പദ്ധതി: പ്രാരംഭ ശില്പശാല തുടങ്ങി
വെള്ളാനിക്കര: കേരളത്തിൽ ലോ കാർബൺ നെൽകൃഷി സമ്പ്രദായങ്ങൾ പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി ഹരിതഗൃഹ വാതക ബഹിർഗമനം കുറഞ്ഞ നെൽകൃഷി സമ്പ്രദായങ്ങൾ എന്ന വിഷയത്തിൽ ത്രിദിന പ്രാരംഭ ശില്പശാലയ്ക്ക് വെള്ളാനിക്കര കാർഷിക കോളേജിൽ തുടക്കം കുറിച്ചു. കാർഷികകോത്പാദന കമ്മീഷണറും കേര പദ്ധതി പ്രോജക്ട് ഡയറക്ടറും കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറുമായ ഡോ. ബി അശോക് അധ്യക്ഷത വഹിച്ച ചടങ്ങ് സംസ്ഥാന കർഷക അവാർഡ് ജേതാവ് സിജെ സ്കറിയാ പിള്ള ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം, കേരള കാർഷിക സർവകലാശാല, ജലവിഭവ വികസന വിനിയോഗ കേന്ദ്രം, കൃഷി വകുപ്പ്, ജലസേചന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. ഈ പദ്ധതിയുടെ ഭാഗമായി മെച്ചപ്പെട്ട ജലപരിപാലന സാങ്കേതികവിദ്യ ഉപയോഗിച്ച് നെൽകൃഷിയിൽ ജല ഉപയോഗവും കാർബൺ ബഹിർഗമനവും കുറയ്ക്കുക എന്നതാണ് ശിൽപ്പശാലയുടെ ലക്ഷ്യം. കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാനും ഹരിതഗൃഹവാതക ബഹിർഗമനം കുറയ്ക്കാനും വേണ്ടി ലോകബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് ആവിഷ്കരിച്ച കേര പദ്ധതിയുടെ ഒരു ഉപഘടകം ആണ് ഈ പദ്ധതി.

കേര പ്രൊജക്റ്റ് ലീഡ് ഡോ. എ. ലത സ്വാഗതം ആശംസിച്ച പരിപാടിയിൽ അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം ഗവേഷണ ഡയറക്ടർ ഡോ. വീരേന്ദ്രർ കുമാർ ആമുഖ പ്രഭാഷണം നടത്തി. ഡോ. പ്രകാശൻ ചെല്ലട്ടൻവീട്ടിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കേര ടെക്നിക്കൽ ഓഫീസർ ജേക്കബ് ജോയ്, കേരള കാർഷിക സർവകലാശാല ഗവേഷണ വിഭാഗം ഡയറക്ടർ ഡോ.കെ എൻ അനിത്, രജിസ്ട്രാർ ഡോ. എ സക്കീർ ഹുസൈൻ, ജലവിഭവ വികസന വിനിയോഗ കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി സാമുവൽ, കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന ഡയറക്ടർ ഡോ. ബിനു പി ബോണി, ഡീൻ അഗ്രികൾച്ചർ ഡോ.ജേക്കബ് ജോൺ, കെ രാജീവ് (ഒൻപതു മുറി പടശേഖരം), കൃഷ്ണൻ (വക്കാട് പാടശേഖരം), പാലക്കാട് ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അരുൺ, തൃശ്ശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ നിമ്പ ഫ്രാങ്കോ, കാർഷിക കോളേജ് വിദ്യാർത്ഥിനി ലിദിയ തെരേസ് ജിജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡോ. ലിസ മറിയം വർക്കി, ഇക്കോണോമിസ്റ്റ് നന്ദി പ്രകാശിപ്പിച്ചു.
ലോ കാർബൺ നെൽകൃഷിയുടെ ശില്പശാലയിൽ സാധ്യതകൾ മനസ്സിലാക്കുന്നതിന് കർഷകരും കാർഷിക വിദഗ്ധരും നിർവഹണ ഉദ്യോഗസ്ഥരും തമ്മിലുള്ള ചർച്ചകളും സംവാദങ്ങളും നടന്നു. ഗവേഷക വിദ്യാർഥികളെയും യുവഗവേഷകരെയും സ്കോളർഷിപ്പുകളും മറ്റ് സാങ്കേതിക സഹായങ്ങളും നൽകി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്കും ഈ ശിൽപ്പശാലയിലൂടെ തുടക്കം കുറിച്ചു. ഒക്ടോബർ 10 ന് ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കുന്ന വിള പരിപാലന മുറകൾ, ഡിജിറ്റൽ സാങ്കേതിക വിദ്യകൾ, കാർബൺ ലഘൂകരണ മാർഗ്ഗങ്ങൾ, വിവര ശേഖരണത്തിനും സ്ഥിരീകരണത്തിനുമായി നിസാർ തുടങ്ങിയ ഉപഗ്രഹ സാങ്കേതിക വിദ്യകൾ എന്നീ വിഷയങ്ങളിൽ അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം, കാർഷിക സർവകലാശാല, കോർണൽ യൂണിവേഴ്സിറ്റി, ജലവിഭവ വികസന വിനിയോഗ കേന്ദ്രം എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ നയിക്കുന്ന സാങ്കേതിക സെമിനാറുകളും ഒക്ടോബർ 11 ന് കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ കൃഷിയിട സന്ദർശങ്ങളും നടക്കും.



