വാടാനപ്പള്ളിയിൽ ഇനി ബസ് ബേ ഉയരും
വാടാനപ്പള്ളി: വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിന്‍റെ ദീര്‍ഘകാല സ്വപ്നമായിരുന്ന ബസ് ബേ യാഥാർഥ്യമാവുന്നു. ബസ് ബേയുടെ നിര്‍മ്മാണോദ്ഘാടനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി പ്രസാദ് നിര്‍വ്വഹിച്ചു.
ജനകീയാസൂത്രണം 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിന്‍റെ 11.50 ലക്ഷം രൂപയും തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്‍റെ പത്ത് ലക്ഷം രൂപയും വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. തൃശൂർ, ഗുരുവായൂർ, കൊടുങ്ങല്ലൂർ, എറണാകുളം എന്നിവിടങ്ങളിലേക്കുളള യാത്രക്കാർക്ക് ബസ് ബേ ഉപകാരപ്രദമാകും.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എം അഹമ്മദ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രന്യ ബിനീഷ്, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരിത ഗണേശന്‍, വാര്‍ഡ് മെമ്പര്‍മാരായ ഷൈജ ഉദയകുമാര്‍, ശ്രീകല ദേവാനന്ദ്, നൗഫല്‍ വലിയകത്ത് എന്നിവര്‍ സംസാരിച്ചു.



