നാട്ടിക ഫർക്ക കുടിവെള്ള പദ്ധതി പൈപ്പ് മാറ്റിസ്ഥാപിക്കൽ പ്രവർത്തനം ആരംഭിച്ചു
കയ്പ്പമംഗലം : കയ്പ്പമംഗലം നിയോജകമണ്ഡലത്തിലെ പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം എന്നീ പഞ്ചായത്തുകളില്‍ ഏറെ നാളായി തുടരുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരമായ നാട്ടിക ഫർക്ക കുടിവെള്ള പദ്ധതി പൈപ്പ് മാറ്റിസ്ഥാപിക്കൽ പ്രവൃത്തികൾക്ക് ആരംഭമായി. ഉദ്ഘാടനം ഇ ടി ടൈസൺ മാസ്റ്റർ എൽ എ എ നിർവഹിച്ചു. ചളിങ്ങാട് ആർ സി യുപി സ്കൂൾ പരിസരത്തുനിന്നാണ് പൈപ്പ് മാറ്റിസ്ഥാപിക്കൽ പ്രവൃത്തികൾ നിലവിൽ ആരംഭിച്ചിട്ടുള്ളത്. കേരള വാട്ടര്‍ അതോറിറ്റിയും കിഫ്ബിയും ചേർന്നാണ് പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നത്. നാട്ടിക ഫര്‍ക്ക കുടിവെള്ള പദ്ധതിയില്‍ അഗസ്തേശ്വരം മുതല്‍ മതിലകം വരെയുള്ള പ്രദേശങ്ങളില്‍ പുതിയ പൈപ്പ് സ്ഥാപിക്കാന്‍ 11,90,01,818 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ച് ഉത്തരവ് ലഭിച്ചതിന് അടിസ്ഥാനത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. ഇതോടെ 40 വര്‍ഷം പഴക്കമുള്ള കോണ്‍ക്രീറ്റ് പൈപ്പുകള്‍ മാറ്റി പകരം പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നത്തോടെ പൈപ്പ് പൊട്ടുന്നതിൻ്റെ ഭാഗമായി നിരന്തരമായി ഉണ്ടാകാറുള്ള റോഡ് തകര്‍ച്ചക്കും കുടിവെള്ളം പാഴാകുന്നതിനും ഇതുമൂലമുണ്ടാകുന്ന കുടിവെള്ള പ്രശ്നത്തിനും പരിഹാരമാകും. പദ്ധതി പ്രകാരം 20 എംഎല്‍ഡി (മില്യണ്‍ ലിറ്റര്‍ പെര് ഡേ) ജലമാണ് വിതരണം ചെയ്യേണ്ടത്. എന്നാല്‍ പൈപ്പുകളുടെ കാലപ്പഴക്കം മൂലം നിലവില്‍ 15 എംഎല്‍ഡി യായി കുറയ്ക്കേണ്ടിവന്നതിനാല്‍ ആവശ്യത്തിന് വെള്ളം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. പൈപ്പ് മാറ്റി സ്ഥാപിക്കുന്നതോടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നതിനോടൊപ്പം 6322 പുതിയ കണക്ഷനുകള്‍ ജല്‍ ജീവന് മിഷന് വഴി നല്കാന് സാധിക്കും. കയ്പ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശോഭന രവി, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ ചന്ദ്രബാബു, പഞ്ചായത്തംഗം സി.ജെ പോൾസൺ, എൻജിനീയർ ലിറ്റി ജോർജ്, എക്സിക്യൂട്ടീവ് എൻജിനീയർ വിന്നി പോൾ, അസിസ്റ്റൻ്റ് എൻജിനിയർ ഐഡ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.



