കുട്ടികള്‍ക്ക് ശുചിത്വ സ്കോളര്‍ഷിപ്പ്
തിരുവനന്തപുരം: ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന കുട്ടികള്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. വിവിധ ശുചിത്വ ആക്ടിവിറ്റികള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന അന്‍പതിനായിരം കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കും.
സ്വന്തം വീടിലെ മാലിന്യസംസ്കരണം നിരീക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക, സമീപ പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മാലിന്യസംസ്കരണ രീതികള്‍ മനസ്സിലാക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക, ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കല്‍, മാലിന്യത്തിൻ്റെ തരംതിരിക്കല്‍, മാലിന്യത്തിൻ്റെ അളവ് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇതിന് അടിസ്ഥാനം.
ഓരോ വിദ്യാര്‍ത്ഥിക്കും ₹1500 രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും. ഈ വര്‍ഷം 6, 7, 8, 9 ക്ലാസുകളിലെയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി സ്കോളര്‍ഷിപ്പ് നല്‍കും.
മാലിന്യമുക്തമായ കേരളം ഒരുക്കാനും നിലനിര്‍ത്താനും പുതുതലമുറയുടെ സഹകരണം അനിവാര്യമാണെന്നും എല്ലാ കുട്ടികളുടെയും പിന്തുണ ഈ ശ്രമത്തിന് തേടുന്നതായും മന്ത്രി പറഞ്ഞു.



