THRISSUR

ബാലചന്ദ്രൻ വടക്കേടത്ത് അനുസ്മരണം നടത്തി

വലപ്പാട്: കെപിസിസി സംസ്കാരസാഹിതി വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലചന്ദ്രൻ വടക്കേടത്ത് സ്മൃതി സന്ധ്യ സംഘടിപ്പിച്ചു. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ എം.പി. സുരേന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. മലയാളത്തിലെ നിരൂപകരെല്ലാം ഒരു ഭാഗത്തും, ബാലചന്ദ്രൻ വടക്കേടത്ത് അവരുടെ മറുഭാഗത്തുമായിരുന്നു. എം.ടി. വാസുദേവൻ നായർ, സുകുമാർ അഴീക്കോട് തുടങ്ങിയവരെപ്പോലും വിയോജിപ്പ് രേഖപ്പെടുത്താൻ ആർജവം കാണിച്ച നിരൂപകനായിരുന്നു അദ്ദേഹം. എതിർപ്പുകൾ നേരിടേണ്ടി വന്നപ്പോഴും അവയെ സധൈര്യം നേരിട്ട ബാലചന്ദ്രൻ വടക്കേടത്ത് തൻ്റെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കാൻ ധൈര്യമുള്ള സാഹിത്യകാരനായിരുന്നു എന്ന് എം.പി. സുരേന്ദ്രൻ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു.

ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രീതി പ്രേമചന്ദ്രൻ സ്വാഗതം പറഞ്ഞു. ശോഭാ സുബിൻ, പ്രേമചന്ദ്രൻ വടക്കേടത്ത് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ മുഖ്യാതിഥികളായി. ചടങ്ങിൽ പ്രഥമ ബാലചന്ദ്രൻ വടക്കേടത്ത് പുരസ്കാരം വളർന്നുവരുന്ന പ്രതിഭകൾക്ക് നൽകി. സന്തോഷ് മാഷ്, കെ.വി. മോഹനൻ മാസ്റ്റർ, വത്സല ടീച്ചർ, പി.എൻ. സുനിൽ, ഇമ ബാബു, ഹുസൈർ മുഹമ്മദ്, മോഹൻദാസ് ചെറുതുരുത്തി, ഹുസൈൻ പുതിയവീട്ടിൽ, ദിനേശ് രാജ്, അരുൺ ഗാന്ധിഗ്രാം, സജന ഷാജഹാൻ, കൃഷ്ണനുണ്ണി, ജോജി കൃഷ്ണപ്രിയ, കെ.എൻ. കണ്ണൻ, ഉത്തര മണികണ്ഠൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ചടങ്ങിന് നന്ദി രേഖപ്പെടുത്തി കെ.വി. മോഹനൻ മാസ്റ്റർ സംസാരിച്ചു.