THRISSUR

വള്ളംകളിക്ക് ഒരുങ്ങി കോട്ടപ്പുറം കായല്‍

കോട്ടപ്പുറം: കോട്ടപ്പുറം കായലിലെ ജലമാമാങ്കത്തിന് ഇനി ദിവസങ്ങള്‍ മാത്രം. കോട്ടപ്പുറം സി.ബി.എല്‍ വള്ളംകളിയോടനുബന്ധിച്ച് സംഘാടക സമിതിയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ യോഗം ചേര്‍ന്നു. അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വള്ളംകളിയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. യോഗത്തില്‍ വിവിധ വകുപ്പുകള്‍ക്ക് നല്‍കിയ ചുമതലകളുടെ പുരോഗതിയും അവലോകനം ചെയ്തു. ട്രാഫിക് നിയന്ത്രണവും വാഹന പാര്‍ക്കിംഗും പോലീസും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏകോപിപ്പിക്കും. കോട്ടപ്പുറം മാര്‍ക്കറ്റ് പരിസരത്തും ചേരമാന്‍ മസ്ജിദ്, സെൻ്റ് മൈക്കിള്‍സ് കത്രീഡല്‍ പള്ളി എന്നിവിടങ്ങളിലും പാര്‍ക്കിംഗ് സൗകര്യം ഒരുക്കും.

സി.ബി.എല്‍ വള്ളംകളിയുടെ അഞ്ചാം ഘട്ടമാണ് കോട്ടപ്പുറത്ത് നടക്കുന്നത്. ഒമ്പത് ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. മത്സരത്തിനോടനുബന്ധിച്ച് പ്രദേശിക വള്ളംകളിയും സംഘടിപ്പിക്കും. ഒക്ടോബര്‍ 25 ന് കോട്ടപ്പുറം കായലില്‍ നടക്കുന്ന വള്ളംകളിയുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ. രാജന്‍, ബെന്നി ബെഹനാന്‍ എം.പി, അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിന്‍സ്, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ പങ്കെടുക്കും. പുല്ലൂറ്റ് മുസിരിസ് കണ്‍വെന്‍ഷന്‍ സെൻ്ററില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.കെ. ഗീത, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.സി. പ്രേംഭാസ്, മുസിരിസ് പ്രോജക്ട്‌സ് എം.ഡി. ഷാരോണ്‍ വീട്ടില്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.