ഏകദിന ഓഡിയോ ആക്ടിംഗ് ശിൽപശാല സംഘടിപ്പിച്ചു
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലാ വനിതാ ശിശു വികസന വകുപ്പും സങ്കല്‍പ്: ഹബ് ഫോര്‍ എംപവര്‍മെൻ്റ് ഓഫ് വുമണ്‍ യൂണിറ്റും സംയുക്തമായി സെൻ്റ് തോമസ് കോളേജ് മീഡിയ സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ ഏകദിന ക്രിയേറ്റീവ് ഓഡിയോ ആക്ടിംഗ് ശില്‍പശാല സംഘടിപ്പിച്ചു. കോളേജിലെ ജൂബിലി ബ്ലോക്കില്‍ നടന്ന ശില്‍പശാല വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ആര്‍. സൗമ്യ ഉദ്ഘാടനം ചെയ്തു. സെൻ്റ് തോമസ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വിമല ജോസ് അധ്യക്ഷത വഹിച്ചു. ഓണ്‍ എയര്‍ മീഡിയ എക്സ്പര്‍ട്ടൈസിന്റെ ക്രിയേറ്റീവ് ഹെഡ് എന്‍.കെ. കണ്ണന്‍ ക്ലാസിന് നേതൃത്വം നല്‍കി. ശില്‍പശാലയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും ജില്ലാ വനിത ശിശു വികസന ഓഫീസര്‍ പി. മീര പങ്കാളിത്ത സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
നവ മാധ്യമ രംഗത്തെ ഓഡിയോ പ്രൊഡക്ഷന്‍, അവതരണം എന്നിവയില്‍ പ്രൊഫഷണല്‍ വൈദഗ്ധ്യം നല്‍കി സ്ത്രീകളെ സ്വയംതൊഴില്‍ കണ്ടെത്താന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഓഡിയോ സ്റ്റോറിടെല്ലിംഗ്, പോഡ്കാസ്റ്റ് നിര്‍മ്മാണം, റേഡിയോ അവതരണം, പരസ്യ സ്‌ക്രിപ്റ്റ് തയ്യാറാക്കല്‍, പ്രൊഫഷണല്‍ ശൈലി എന്നിവയില്‍ പ്രായോഗിക പരിശീലനം നല്‍കി. ജൂനിയര്‍ സൂപ്രണ്ട് കെ.എല്‍ ഷൈജു, ഡിസ്ട്രിക്ട് മിഷന്‍ കോര്‍ഡിനേറ്റര്‍ പി.ഡി വിന്‍സെൻ്റ്, സ്‌പെഷ്യലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി ബി.എസ് സുജിത്ത്, സെൻ്റ് തോമസ് കോളേജ് മീഡിയ സ്റ്റഡീസ് ഡയറക്ടര്‍ ഫാ. ഫീജോ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള അമ്പതോളം വിദ്യാര്‍ത്ഥിനികളും മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും പങ്കെടുത്തു.


