തളിക്കുളം ബ്ലോക്കിൽ അഞ്ച് കോടിയുടെ വ്യവസായ സമുച്ചയം ഉയരും
തളിക്കുളം: തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൻ്റെ സ്വപ്ന പദ്ധതിയായ വ്യവസായ സമുച്ചയം യാഥാർഥ്യമാവുന്നു. സംസ്ഥാന സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയ അഞ്ച് കോടി രൂപ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ നിർമ്മിക്കുന്ന വ്യവസായ സമുച്ചയത്തിൻ്റെ ശിലാസ്ഥാപനം സി.സി. മുകുന്ദൻ എം.എൽ.എ. നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. പ്രസാദ് അധ്യക്ഷനായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൻ്റെ സ്വപ്ന പദ്ധതിയിലൂടെ 500 പേർക്ക് തൊഴിൽ എന്ന ലക്ഷ്യമാണ് കൈവരിക്കുക. 26,603 ചതുരശ്ര അടിയിൽ അഞ്ച് നിലകളിലായി നിർമ്മിക്കുന്ന വ്യവസായ സമുച്ചയത്തിൽ ഓഫീസ് സ്പേസ്, കഫറ്റീരിയകൾ, ലോബി ഏരിയകൾ, ഓപ്പൺ ബാൽക്കണികൾ തുടങ്ങിയ സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ബിന്ദു സുരേഷ്, ശാന്തി ഭാസി, പി.ഐ. സജിത, ഷിനിത ആഷിക് എന്നിവർ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിമിഷ അജീഷ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.ബി. സുരേഷ്, മല്ലിക ദേവൻ, ബിജോഷ് ആനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജുബി പ്രദീപ്, വി. കല, കെ.ബി. സുധ, വസന്ത ദേവലാൽ, ലിൻ്റ സുഭാഷ് ചന്ദ്രൻ, ഇബ്രാഹിം പടുവിങ്ങൽ, സി.ആർ. ഷൈൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.എസ്. റെജികുമാർ എന്നിവർ സംസാരിച്ചു.



