THRISSUR

അനക്‌സ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കര്‍മ്മം നടത്തി

കുന്നംകുളം: കേരളത്തിൻ്റെ സമഗ്ര വികസനം വാക്കുകളിലല്ല പ്രവൃത്തിയിലാണെന്ന് കായിക, ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. കുന്നംകുളം നഗരസഭയുടെ ആധുനിക സൗകര്യത്തോടെ നിര്‍മിക്കുന്ന അനക്‌സ് കെട്ടിടത്തിൻ്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കായികരംഗത്ത് കുന്നംകുളത്തിൻ്റെ ചുവടുവയ്പ്പുകള്‍ ഏറെ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ നോക്കിയാല്‍ ‘കേരള മോഡല്‍’ എന്താണെന്ന് മനസിലാക്കാന്‍ കഴിയും. 62 ലക്ഷം പേരെ സാമൂഹ്യ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി, ലൈഫ് പദ്ധതി വഴി അഞ്ച് ലക്ഷത്തിലധികം വീടുകള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2023-24 വര്‍ഷത്തെ എ.സി മൊയ്തീന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് രണ്ട് കോടി 20 ലക്ഷം രൂപ ചെലവഴിച്ചാണ് കുന്നംകുളം നഗരസഭയില്‍ അനക്‌സ് കെട്ടിടം നിര്‍മ്മിക്കുന്നത്. 9,547 സ്‌ക്വയര്‍ ഫീറ്റില്‍ മൂന്ന് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ഓഫീസ് സൗകര്യം, ലിഫ്റ്റ്, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

കുന്നംകുളം നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എ.സി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് എഞ്ചിനീയര്‍ ഇ.സി ബിനയ് ബോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, സംസ്ഥാന എസ്.സി, എസ്.ടി കമ്മീഷന്‍ അംഗം ടി.കെ വാസു, വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, കൗണ്‍സിലര്‍ ബിജു സി. ബേബി, വാര്‍ഡ് കൗണ്‍സിലര്‍ ലബീബ് ഹസ്സന്‍, മുന്‍ ചെയര്‍പേഴ്‌സണ്‍ പി.ജി ജയപ്രകാശ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം.എന്‍ സത്യന്‍, കെ. കൊച്ചനിയന്‍, വി.കെ തമ്പി, നാസര്‍ ഹമീദ്, നഗരസഭാ സെക്രട്ടറി കെ.കെ മനോജ്, ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡൻ്റ് കെ.പി സാക്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.