ജില്ലയിലെ രണ്ടാമത്തെ തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രം മാളയിൽ
മാള: ജില്ലയിലെ രണ്ടാമത്തെ തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രം (എ ബി സി-സെൻ്റർ ) മാള ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു. കേന്ദ്രത്തിൻ്റെ ഉദ്ഘാടനം അഡ്വ. വി. ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി. എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു. തെരുവുനായ ശല്യം കുറയ്ക്കുക, പൊതുജനാരോഗ്യം സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 42 ലക്ഷം രൂപ ചെലവിലാണ് എബിസി സെൻ്റർ ഒരുക്കിയിരിക്കുന്നത്. മാള വെറ്ററിനറി ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ച സെൻ്റർ, ജില്ലയിൽ ത്രിതല പഞ്ചായത്ത് സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന രണ്ടാമത്തെ കേന്ദ്രമാണ്.
മാള, ചാലക്കുടി ബ്ലോക്കുകളും ചാലക്കുടി മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ തെരുവുനായകളെയാണ് ഇവിടെ വന്ധ്യംകരിക്കാനുളള സംവിധാനം ഒരുക്കിയിരിക്കുന്നത്. ദിവസവും എട്ട് നായകളെ വന്ധ്യംകരിക്കാനുള്ള സൗകര്യം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 40 നായകൾക്ക് പാർപ്പിടം, ഐസൊലേഷൻ വാർഡ്, ഓപ്പറേഷൻ തീയറ്റർ, ഓഫീസ്, അണുനശീകരണ മുറി എന്നിവയും കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒരു വെറ്ററിനറി ഡോക്ടർ, പരിചാരകർ, ഡോഗ് ക്യാച്ചർ, നഴ്സിങ് അസിസ്റ്റൻ്റ്, ക്ലീനിങ് സ്റ്റാഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തിക്കുക. പരിപാടിയിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ കെ.ബി. ജിതേന്ദ്രകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രേഖ ഷാന്റി ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലതാ ചന്ദ്രൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഡേവിസ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ശോഭന ഗോകുൽനാഥ്, ലീല സുബ്രഹ്മണ്യൻ, ജെനിഷ് പി. ജോസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ടരുമഠത്തിൽ, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മായ എൻ.എസ്, മാള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡൊമിനിക് ജോമോൻ, സീനിയർ വെറ്ററിനറി സർജൻ പ്രീത എൻ.ആർ. തുടങ്ങിയവർ പങ്കെടുത്തു.



