THRISSUR

ക്രിക്കറ്റ് കോര്‍ട്ടും വനിത ഫിറ്റ്‌നസ് സെൻ്ററും ഒരുക്കി തോളൂര്‍ ഗ്രാമപഞ്ചായത്ത്

തോളൂര്‍: തോളൂര്‍ ഗ്രാമ പഞ്ചായത്തിലെ ക്രിക്കറ്റ് കോര്‍ട്ടും വനിതാ ഫിറ്റ്‌നസ് സെൻ്ററും നാടിന് സമര്‍പ്പിച്ചു. ക്രിക്കറ്റ് കോര്‍ട്ടിൻ്റെയും വനിത ഫിറ്റ്‌നസ് സെൻ്ററിൻ്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ സഹായത്തോടെ രണ്ട് വര്‍ഷം മുമ്പ് തോളൂരില്‍ നിര്‍മ്മിച്ച വനിതാ ഫിറ്റ്‌നസ് സെൻ്റര്‍ സ്ത്രീകള്‍ കൂടുതലായി ഉപയോഗപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോന്നോരില്‍ മറ്റൊരു ഫിറ്റ്‌നസ് സെൻ്റര്‍ നിര്‍മ്മിക്കാന്‍ ഭരണസമിതി തീരുമാനിച്ചതെന്ന് പ്രസിഡൻ്റ് പറഞ്ഞു.

വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീന വില്‍സണ്‍ അധ്യക്ഷത വഹിച്ചു. 2024-25 വാര്‍ഷിക പദ്ധതിയനുസരിച്ച് പോന്നോര്‍ പഞ്ചായത്ത് മിനി ഗ്രൗണ്ട് സ്റ്റേഡിയത്തില്‍ അഞ്ച് ലക്ഷം രൂപ വകയിരുത്തി വനിതാ ഫിറ്റ്‌നസ് സെൻ്ററും രണ്ട് ലക്ഷം രൂപ വകയിരുത്തി ഗ്രൗണ്ടിനോടു ചേര്‍ന്ന് ക്രിക്കറ്റ് കോര്‍ട്ടിൻ്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയാണ് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തത്. തിരക്കുപിടിച്ച കുടുംബ ജീവിതത്തിനിടയില്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാനും ഫിറ്റ്‌നസ് നേടിയെടുക്കാനും ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാനും സ്ത്രീകളെ സജ്ജമാക്കാനാണ് പഞ്ചായത്ത് ഫിറ്റ്‌നസ് സെൻ്റര്‍ ഒരുക്കിയത്. യോഗ പരിശീലനം നടത്താനുള്ള സൗകര്യവും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. പോന്നോര്‍ ഗ്രൗണ്ടില്‍ യുവജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ നെറ്റോട് കൂടിയ ക്രിക്കറ്റ് കോര്‍ട്ട് ഒരുക്കിയത് പരീശിലനത്തിനായി സൗകര്യപ്രദമാകും. ലൈറ്റ്, ഫാന്‍, ഹൈമാസ്റ്റ് ലൈറ്റ്, ടോയ്‌ലറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരസമ്മ സുബ്രഹ്മണ്യന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.കെ. രഘുനാഥന്‍, വി.പി. അരവിന്ദാക്ഷന്‍, ഷൈലജ ബാബു, ഷീന തോമസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അഡ്വ. സി. ലൈജു എടക്കളത്തൂര്‍ എന്നിവര്‍ സംസാരിച്ചു. കായിക പ്രേമികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.