അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ‘സ്മാര്‍ട്ട് പഠനമുറി’ നിര്‍മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വീടിനോട് ചേര്‍ന്ന് ആധുനിക സൗകര്യങ്ങളോടുകൂടിയ പഠനമുറി നിര്‍മ്മിക്കുന്നതിന് നാല് ഗഡുക്കളായി 2,50,000 രൂപ ധനസഹായം അനുവദിക്കും. സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷ്യല്‍, ടെക്നിക്കല്‍ സ്കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും എട്ട് മുതല്‍ പ്ലസ് ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹതയുള്ളത്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാന പരിധി രണ്ട് ലക്ഷം രൂപയാണ്. നിലവിലുള്ള വീടിൻ്റെ വിസ്തീര്‍ണം 800 ചതുരശ്ര അടിയില്‍ കൂടരുത്.
പഠനമുറി സാധാരണയായി 120 ചതുരശ്ര അടി വിസ്തൃതിയിലാണ് നിര്‍മ്മിക്കേണ്ടത്. സ്ഥലപരിമിതിയുള്ള സാഹചര്യങ്ങളില്‍ നിര്‍വഹണ ഉദ്യോഗസ്ഥൻ്റെ പരിശോധനയുടെ അടിസ്ഥാനത്തില്‍ 100 ചതുരശ്ര അടിയില്‍ കുറയാത്ത വിസ്തൃതിയിലും നിര്‍മ്മാണം അനുവദിക്കും. ഒരു കുടുംബത്തിലെ ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളു. കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കിംഗ് മേഖല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നവരുടെ മക്കളെ പരിഗണിക്കില്ല.
അടിയ, പണിയ, പി.വി.റ്റി.ജി വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍, വീടിന് ഏറ്റവും കുറവ് വിസ്തീര്‍ണമുള്ള കുടുംബം, ഒന്നിലധികം പെണ്‍കുട്ടികള്‍ വിദ്യാര്‍ത്ഥികളായുള്ള കുടുംബം, വിധവ കുടുംബനാഥയായ കുടുംബം, അച്ഛനോ അമ്മയോ സഹോദരങ്ങളോ കിടപ്പുരോഗികള്‍/ മാരകരോഗികളായ കുടുംബം, കുട്ടിയുടെ മുന്‍വര്‍ഷത്തെ പഠനമികവ് എന്നിവ മാനദണ്ഡമാക്കി മുന്‍ഗണന നല്‍കും.
അപേക്ഷയോടൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീര്‍ണ്ണം 800 ചതുരശ്ര അടിയില്‍ അധികരിച്ചിട്ടില്ലായെന്നുള്ള പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയറുടെ സാക്ഷ്യപത്രം, പഠനമുറി പദ്ധതിക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് ധനസഹായം അനുവദിച്ചിട്ടില്ലായെന്ന സാക്ഷ്യപത്രം, മുന്‍ഗണന മാനദണ്ഡം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ അപേക്ഷ ലഭിക്കണം. വിലാസം: ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, ഒന്നാം നില, കൊടകര ബ്ലോക്ക് പഞ്ചായത്ത്, പുതുക്കാട് പി.ഒ, തൃശ്ശൂര്‍, പിന് – 680301. ഫോണ്‍: 9496070362.



