THRISSUR

ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിന് ഫൈബർ പോൾ ലഭിച്ചു

ഗുരുവായൂർ: മുളങ്കമ്പിൽ പരിശീലനം നടത്തി ജില്ലാ കായികമേളയിൽ മെഡലുകൾ വാരിക്കൂട്ടിയ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിലെ കായികതാരങ്ങളുടെ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ ഇടപെടൽ വഴി സ്കൂളിന് സ്ഥിരമായി ഫൈബർ പോൾ സ്വന്തമാക്കാനുള്ള അവസരം ലഭിച്ചത്. പരിമിതികൾക്കിടയിലും ജില്ലാ സ്കൂൾ കായികമേളയിൽ രണ്ട് സ്വർണവും രണ്ട് വെള്ളിയും നേടി ശ്രദ്ധേയ പ്രകടനം സ്കൂളിലെ കായികതാരങ്ങൾ പോൾവോൾട്ടിൽ കാഴ്ചവച്ചിരുന്നു. ഒക്ടോബർ 22ന് നടന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങുമ്പോഴാണ് ഏകദേശം ഒരു ലക്ഷം രൂപയോളം വിലവരുന്ന ഫൈബർ പോളിൻ്റെ അഭാവം ഇവർക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. സ്കൂളിലെ കായിക അധ്യാപകനായ പി.കെ. ഷിജുവിൻ്റെ നേതൃത്വത്തിൽ കുട്ടികൾ നേരിട്ട് കളക്ടറോട് തങ്ങളുടെ ആവശ്യം അറിയിച്ചു. തുടർന്ന്, കളക്ടർ കായിക വകുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന കായികമേളയിൽ മത്സരിക്കുന്നതിനായി കുട്ടികൾക്ക് താത്കാലികമായി ഫൈബർ പോൾ ലഭ്യമാക്കി. എന്നാൽ, തിരുവനന്തപുരത്ത് നടന്ന മേളയിൽ മെഡൽ ലക്ഷ്യം നേടാനായില്ലെങ്കിലും താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു.


കളക്ടർ ജില്ലയിലെ ലീഡ് ബാങ്ക് കൂടിയായ കാനറാ ബാങ്കിനോട് സി.എസ് ആർ ഫണ്ട് മുഖേന പോൾ വാങ്ങുവാൻ ധനസഹായം ആവശ്യപ്പെടുകയും കാനറാ ബാങ്ക് ഫണ്ട് അനുവദിക്കുകയും ചെയ്തു. പുതിയ ഫൈബർ പോൾ വാങ്ങുന്നതിനായി ബാങ്ക് സ്കൂളിന് ധനസഹായം കൈമാറി. കാനറാ ബാങ്ക് റീജിയണൽ ഓഫീസിലെ ഡിവിഷണൽ മാനേജർ യശ്വന്ത് എ.വി, ലീഡ് ബാങ്ക് ഓഫീസ് തൃശ്ശൂരിലെ ലീഡ് ഡിസ്ട്രിക്റ്റ് ചീഫ് മാനേജർ അജയ് ഇ.കെ., സ്കൂൾ ഹെഡ്മിസ്ട്രസ് ജൂലിയറ്റ് അപ്പുക്കുട്ടൻ, സ്കൂളിലെ കായിക അധ്യാപകൻ ഷിജു പി.കെ. എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്. ഈ തുക ഉപയോഗിച്ച് ഉടൻതന്നെ പുതിയ പോൾ വാങ്ങി, പരിശീലനം നടത്താനാണ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും തീരുമാനം. അടുത്ത വർഷത്തെ കായികമേളയിൽ ഫൈബർ പോളിൽ പറന്നുയർന്ന് മെഡലുകൾ കൊയ്യാം എന്ന വലിയ പ്രതീക്ഷയിലാണ് ശ്രീകൃഷ്ണ സ്കൂളിലെ കായിക കുടുംബം.