THRISSUR

കുടുംബശ്രീ ബാലസഭ പ്രകൃതി പഠന ക്യാമ്പ് തുടങ്ങി

തൃശ്ശൂര്‍: കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ കില ക്യാമ്പസില്‍ കുടുംബശ്രീ ബാലസഭ പ്രകൃതി പഠന ക്യാമ്പ് തുടങ്ങി. പ്രകൃതി പഠന ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിച്ചു. കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഡോ. ബി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കില അസി. ഡയറക്ടര്‍ (ട്രെയിനിംഗ്) കെ.പി.എന്‍ അമൃത, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിജിത്ത് കെ. ദീപക്, സംസ്ഥാന പ്രോഗ്രാം മാനേജര്‍ അരുണ്‍ പി. രാജന്‍, കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്ഥാനത്തെ അയല്‍ക്കൂട്ട ബാലസഭകളില്‍ നിന്നും തിരഞ്ഞെടുത്ത കുട്ടികളാണ് പ്രകൃതി പഠന ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടന ചടങ്ങിനുശേഷം എന്റെ ഫോട്ടോഗ്രാഫി അനുഭവങ്ങള്‍, ക്യാപ്ച്ചറിംഗ് റിയാലിറ്റി ആന്‍ഡ് ക്രിയേറ്റിംഗ് മാജിക് വിത്ത് എ.ഐ, വരയും ചിന്തയും എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു. തുടര്‍ന്ന് വൈകീട്ട് കലാസന്ധ്യയും അരങ്ങേറി. പ്രകൃതി പഠന ക്യാമ്പിനോടനുബന്ധിച്ച് സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരവും നടക്കുന്നുണ്ട്.

പൊതുജനങ്ങള്‍ക്കായി നവംബര്‍ 30 രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ ജവഹര്‍ ബാലഭവനില്‍ ഫോട്ടോ പ്രദര്‍ശനം നടത്തി. എല്ലാ ജില്ലകളില്‍ നിന്നും കണ്ടെത്തിയ മികച്ച സൃഷ്ടികളാണ് ഫോട്ടോ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പ്രകൃതി പഠന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശനവും ഒരുക്കിയിട്ടുണ്ട്.