ജില്ലാ കളക്ടർ താലൂക്ക് ഓഫീസുകൾ സന്ദർശിച്ചു
തൃശ്ശൂർ: പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിൻ്റെ ഭാഗമായി ഫോമുകളുടെ ഡിജിറ്റൈസേഷൻ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലയിൽ ക്യാമ്പുകൾ നടക്കുന്ന തൃശ്ശൂർ, തലപ്പിള്ളി താലൂക്ക് ഓഫീസുകൾ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. ക്യാമ്പുകളിലെത്തിയ ജില്ലാ കളക്ടർ ഡിജിറ്റൈസേഷൻ സംബന്ധിച്ച പുരോഗതി വിലയിരുത്തുകയും ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
അവധിദിനത്തിൽ എ ഇ ആർ ഒ മാരായ തഹസിൽദാർമാരുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിലെ ജീവനക്കാർ, ബി എൽ ഒ മാർ, സ്റ്റുഡൻ്റ് വോളൻ്റിയേർസ് എന്നിവരാണ് ഫോമുകൾ ഡിജിറ്റൈസ് ചെയ്യുന്ന പ്രവർത്തി ചെയ്യുന്നത്. ജില്ലയിലെ മുഴുവൻ താലൂക്ക് ഓഫീസുളിലും, വില്ലേജ് ഓഫീസുകളിലും ഇന്നലെ ഡിജിറ്റൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.

വോട്ടർമാർക്ക് ഫോം പൂരിപ്പിക്കുന്നതിനുള്ള സഹായം ക്യാമ്പിൽ നൽകുന്നുണ്ട്. 85 ശതമാനത്തിലധികം ഫോമുകൾ സ്വീകരിച്ച് കഴിഞ്ഞു. ഇതിൽ 80 ശതമാനം ഫോമുകളുടെ ഡിജിറ്റൈസേഷൻ പൂർത്തിയാക്കി. 3.78 ശതമാനം വോട്ടർമാരെ ഇതുവരെ മരണപ്പെട്ടവരായും സ്ഥലം മാറിപ്പോയവരായും ഇരട്ടവോട്ടുള്ളവരായും കണ്ടെത്തിയിട്ടുണ്ട്. എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് തിരികെ നൽകുന്ന എല്ലാ വോട്ടർമാരേയും ഉൾപ്പെടുത്തി 16-12-2025 ന് കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കും. പ്രത്യേക ക്യാമ്പുകൾ വരും ദിവസങ്ങളിലും തുടരും. എല്ലാ വോട്ടർമാരും എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് ബി എൽ ഒ യ്ക്ക് കൈമാറണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.


