THRISSUR

വോട്ടർമാരെ ബോധവത്കരിച്ച് ലീപ് കേരള

തൃശൂർ: തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ബോധവത്കരിക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ലീപ് കേരള (ലോക്കൽ ബോഡി ഇലക്ഷൻ അവയർനെസ് പ്രോഗ്രാം – കേരള) വോട്ടിംഗ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലേക്കുള്ള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളെക്കൊണ്ടും വോട്ടു ചെയ്യിപ്പിക്കുക എന്നതാണ് വോട്ടിംഗ് ബോധവത്ക്കരണ പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്. വോട്ടർമാരെ ബോധവത്കരിക്കുന്നതിനായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഘുവീഡിയോകള്‍, റീലുകള്‍, പോസ്റ്ററുകള്‍, ചോദ്യോത്തരപംക്തി എന്നിവയും പ്രചരിപ്പിക്കും.

അസിസ്റ്റൻ്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ബോധവത്കരണ പരിപാടിക്ക് നേതൃത്വം വഹിച്ചു.